മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക മത്സരിക്കണമെന്ന് ആവശ്യം
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ അദ്ദേഹത്തിനെതിരെ പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് ആവശ്യം. വാരണാസിയിലെങ്ങും ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെയും പ്രിയങ്കയുടെയും പ്രാദേശിക കോൺഗ്രസ് നേതാവ് അജയ് റായിയുടെയും ചിത്രങ്ങൾ ഉൾപ്പെട്ടതാണ് പോസ്റ്ററുകൾ. 2014 ൽ മോദിക്കെതിരെ വാരണാസിയിൽ മത്സരിച്ച സ്ഥാനാർഥിയാണ് കോൺഗ്രസ് നേതാവായ അജയ് റായ്. പ്രിയങ്കയെ ഞങ്ങൾക്കുവേണം എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകൾ തയ്യാറാക്കിയിട്ടുള്ളതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ ആവശ്യമുന്നയിച്ച് വാരണാസിയിൽ പ്രകടനം നടത്തുകയും ചെയ്തു. പ്രിയങ്കയുടെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറായിക്കഴിഞ്ഞുവെന്ന് അജയ് റായ് പറഞ്ഞു. വാരണാസിയിൽനിന്ന് മത്സരിക്കാൻ പ്രിയങ്ക എത്തുന്നപക്ഷം അതിന്റെ അലയൊലികൾ അയൽ സംസ്ഥാനങ്ങളിലും ദൃശ്യമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. മോദി - അമിത് ഷാ ഭരണത്തിൽനിന്ന് മുക്തരാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. തെറ്റായ നയങ്ങളും നെഞ്ചുവിരിക്കലും മൂലം നിരവധി ചെറുകിട കച്ചവടക്കാർ ദുരിതത്തിലായി. നിരവധി പേർക്ക് തൊഴിൽനഷ്ടപ്പെട്ടുവെന്നും 2019 ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും 2022ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിക്കുമെന്നും അജയ് റായ് അവകാശപ്പെട്ടു.

No comments