Breaking News

അമിത് ഷായ്ക്കെതിരെ നേര്‍ക്കുനേര്‍ പൊരുതുന്ന ഷാര്‍പ്പ് ഷൂട്ടര്‍. കെ സിയ്ക്കിത് രാഹുലിന്‍റെ സ്നേഹ സമ്മാനം. പുതിയ ചുമതലയോടെ കെ സി പാര്‍ട്ടിയില്‍ രണ്ടാമന്‍. ഫലത്തില്‍ ആന്റണിക്കും മീതെ

ഡല്‍ഹി:  കെ സി വേണുഗോപാലിനെ സംബന്ധിച്ച് ഇതൊരു പൊന്‍തൂവലാണ്.  താരതമ്യേന ഏറ്റവും സീനിയറായ എ ഐ സി സി ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാത്രം നല്‍കുന്ന സംഘടനാ ചുമതലയാണ് പാര്‍ട്ടി ജൂണിയര്‍ നേതാവായ കെ സിയ്ക്ക് നല്‍കിയിരിക്കുന്നത്.
ഇതോടെ രാഹുല്‍ ഗാന്ധിയുടെ ടീമില്‍ ഒന്നാമനായി കെ സി വേണുഗോപാല്‍ മാറി. കര്ണ്ണാടകയുടെ ചുമതലയുള്ള കെ സി പുതിയ ദൌത്യത്തിനൊപ്പം കര്‍ണ്ണാടക ചുമതലയിലും തുടരും.
മാത്രമല്ല, അടുത്തിടെ പാര്‍ട്ടിക്ക് പ്രതിസന്ധി ഉണ്ടാകുന്നിടത്തെക്കൊക്കെ രാഹുല്‍ ഓടിക്കുന്നത് കെ സി വേണു ഗോപാലിനെയാണ്. അതും അതാത് സംസ്ഥാനങ്ങളിലെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരെ മറികടന്നാണ് കെ സി വേണുഗോപാലിനെ രാഹുല്‍  ദൌത്യവുമായി അയക്കാറുള്ളത്.

ഏറ്റവും ഒടുവില്‍ തെലങ്കാനയില്‍ പുതിയ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ രാഹുല്‍ നിയമിച്ചതും വേണുഗോപാലിനെ ആയിരുന്നു.
രാജസ്ഥാനില്‍ എ ഐ സി സി ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഉണ്ടെന്നിരിക്കെയാണ് വോട്ടെണ്ണലിനിടെ സര്‍ക്കാര്‍ രൂപീകരണ ദൌത്യവുമായി കെ സിയെ രാഹുല്‍ അയയ്ക്കുന്നത്.

ഏല്‍പ്പിക്കുന്ന ദൌത്യങ്ങളൊക്കെ വന്‍ വിജയമായതാണ് കെ സിക്ക് തുണയായത്. അതിനു തുടക്കം കര്‍ണ്ണാടകയില്‍ നിന്നായിരുന്നു.
വടക്കേന്ത്യയില്‍ ബി ജെ പി ഏറ്റവും പ്രതീക്ഷ വച്ചുപുലര്‍ത്തിയ കര്‍ണ്ണാടകയില്‍ നിന്നും ബി ജെ പി ഭരണത്തെ കെട്ടുകെട്ടിച്ചതാണ് കെ സിയ്ക്ക് തുണയായത്. അതും വടക്കേന്ത്യയിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാതിരുന്ന തുടര്‍ ഭരണത്തിലൂടെ ആയെന്നതും നേട്ടമായി.

കുതന്ത്രങ്ങളില്‍ പേരുകേട്ട അമിത് ഷായും യെദൂരപ്പയും ഒപ്പം നിന്ന് നേര്‍ക്കുനേര്‍ പൊരുതിയിടത്താണ് സ്വന്തം എം എല്‍ എമാരെ ഒരു കുടക്കീഴില്‍ ചേര്‍ത്ത് നിര്‍ത്തി ജെ ഡി എസിനെ ഒപ്പം കൂട്ടി കര്‍ണ്ണാടകയില്‍ ഭരണം പിടിച്ചത്.
ജെ ഡി എസിനെ റാഞ്ചാന്‍ തക്കം പാര്‍ത്ത ബി ജെ പിയെ ബാല്‍ക്കണിയിലിരുത്തിയാണ് കെ സി തന്ത്രങ്ങള്‍ മെനഞ്ഞത്.

രാജസ്ഥാനില്‍ ഭരണമാറ്റം സുഗമമാക്കിയതിലും കെ സിയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിന്‍ പൈലറ്റും അശോക്‌ ഗെലോട്ടും ഒപ്പമുള്ള എം എല്‍ എമാരെ ചേര്‍ത്ത് നിര്‍ത്തി പരസ്പരം പൊരുതിയപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ അനുനയത്തിന്റെ പാത പിന്തുടര്‍ന്ന്‍ എം എല്‍ എമാര്‍ പരിധി ലംഘിച്ച് പ്രതികരിക്കാതെ എല്ലാം സുഗമമാക്കിയത് കെ സിയുടെ വിരുതായിരുന്നു.

അതോടെ കെ സി വേണുഗോപാല്‍ എന്ന ദൌത്യ നിര്‍വാഹകനില്‍ രാഹുലിന് ആശ്വാസമായി. തുടര്‍ന്നായിരുന്നു തെലങ്കാനയുടെ നിര്‍ണ്ണായക ദൌത്യവും കെ സിയ്ക്ക് നല്‍കുന്നത്.
അതിനുമിടയ്ക്ക് എം എല്‍ എമാരെ അടര്‍ത്തികൊണ്ടുപോയി ഓപ്പറേഷന്‍ ലോട്ടസിലൂടെ കര്‍ണ്ണാടകയിലെ സര്‍ക്കാരിനെ റാഞ്ചാനുള്ള അമിത് ഷാ – യെദൂരപ്പ കൂട്ടുകെട്ടിന്റെ രണ്ടാം പടപ്പുറപ്പാടിനെ പൊളിച്ചടുക്കിയതും കെ സി യുടെ മിടുക്കായിരുന്നു.

ഒടുവില്‍ പാര്‍ട്ടിയില്‍ എ ഐ സി സി അധ്യക്ഷന്‍ കഴിഞ്ഞാല്‍ പിന്നെയുള്ള നിര്‍ണ്ണായക ചുമതലയായ സംഘടനാ ചുമതലയിലേക്ക് കെ സി നിയോഗിക്കപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ രണ്ടാമനെന്നു പറഞ്ഞാലും തകരാറില്ല. കാരണം ഇപ്പോള്‍ എ കെ ആന്റണിയും മേലാണ് കെ സി യുടെ സ്ഥാനം.

No comments