അതിര്‍ത്തിയിലെ സംഘര്‍ഷം: കൊച്ചിയില്‍ സുരക്ഷ ശക്തം
കൊച്ചി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും സുരക്ഷ ശക്തമാക്കി. അസി. കമീഷണറുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പിയുടെയും രണ്ട് സി.ഐമാരുടെയും നേതൃത്വത്തിലാണ് നഗരത്തിലെ സുരക്ഷ ക്രമീകരണം. 24 മണിക്കൂറും ജാഗ്രത പാലിക്കാന്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കി. തീരമേഖലയിലും നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പട്രോളിങ് ഉൗര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തീരപ്രദേശത്ത് കോസ്റ്റല്‍ പൊലീസ് നേതൃത്വത്തിലാണ് പട്രോളിങ്. അപരിചിതരായ ആളുകളെയോ ബോട്ടോ കണ്ടെത്തിയാല്‍ ഉടന്‍ അറിയിക്കണമെന്ന് കടലോര ജാഗ്രതസമിതികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ സാന്നിധ്യം സമുദ്രാതിര്‍ത്തിക്ക് പുറത്താണെങ്കില്‍ വിവരം തീരദേശ സേനക്ക് കൈമാറും.
തന്ത്രപ്രധാന കേന്ദ്രങ്ങളായ റിഫൈനറി, ഷിപ്യാര്ഡ്, നേവല്‍ ബേസ്, പോര്‍ട്ട് ട്രസ്റ്റ്, അന്താരാഷ്ട്ര വിമാനത്താവളം എന്നിവക്ക് കൂടുതല്‍ നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കി. കൊച്ചി പൊലീസിന് പുതുതായി ലഭിച്ച 23 കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചാണ് നഗരത്തില്‍ പട്രോളിങ് ശക്തമാക്കിയത്.

No comments