Breaking News

രാഹുല്‍ തോറ്റാല്‍ താന്‍ രാഷ്‌ട്രീയം വിടുമെന്ന് സിദ്ദു

അമേതിയില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇക്കുറി മണ്ഡലം നഷ്ടമാവുകയാണെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ നിന്നുതന്നെ വിരമിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു. റായ്ബറേലിയില്‍ സോണിയാഗാന്ധിയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേതിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിന് ഭീഷണിയാണെന്ന വാദത്തെ തള്ളിയ സിദ്ദു രാഷ്ട്രീയത്തില്‍ താന്‍ മാതൃകയാക്കുന്നത് സോണിയ ഗാന്ധിയെ ആണെന്നും വ്യക്തമാക്കി.

രാജീവ് ഗാന്ധിയുടെ മരണത്തിനുശേഷം കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത സോണിയ ഗാന്ധിയെ മുക്തകണ്ഠം സിദ്ദു പ്രശംസിച്ചു.

സോണിയാഗന്ധിയുടെ നേതൃത്വ കാലഘട്ടത്തിലാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലെത്തിയത്. സോണിയയില്‍ നിന്ന് എല്ലാവരും ദേശീയത പഠിക്കണം. സ്വാതന്ത്ര്യത്തിനുശേഷം കൂടുതല്‍ തവണ കോണ്‍ഗ്രസ് രാജ്യം ഭരിച്ചിട്ടും ഇന്ത്യയില്‍ പുരോഗതിയുണ്ടായില്ലെന്ന് അടിക്കടി ബി.ജെ.പി പറയുന്നതിനെ എതിര്‍ത്ത സിദ്ദു കോണ്‍ഗ്രസിന്റെ ഭരണകാലത്തുണ്ടായ നേട്ടങ്ങളെ അക്കമിട്ട് നിരത്തി. സൂചി മുതല്‍ എയര്‍ക്രാഫ്റ്റ് വരെ കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടു.

മോദിയുടെ നയങ്ങളെ വിമര്‍ശിച്ച സിദ്ദു രാജ്യസ്‌നേഹത്തില്‍ ബി.ജെ.പി കപടമുഖമാണ് കാണിക്കുന്നതെന്നും കുറ്റപ്പെടുത്തി. തങ്ങളുടെ കൂടെ നില്‍ക്കാത്തവരെ ദേശവിരുദ്ധരെന്ന് മുദ്ര കുത്തുന്നവരാണ് ബി.ജെ.പിക്കാര്‍. വിവാദമായ റാഫേല്‍ കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയത്തിന് വഴിവയ്ക്കുമെന്നും സിദ്ദു പറഞ്ഞു. പഞ്ചാബിലെ തദ്ദേശ, സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് സിദ്ദു.

No comments