Breaking News

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന് എ.എ.പി പ്രകടന പത്രിക

 ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും മുഖ്യ പരിഗണന നല്‍കും. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകള്‍ നിര്‍ണ്ണായകമാകുമെന്നും ആം ആദ്മി പാര്‍ട്ടി അവകാശപ്പെട്ടു. കൂടാതെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ദില്ലിയില്‍ ആംആദ്മി കോണ്‍ഗ്രസ് സഖ്യം ഇല്ലാതാക്കിയതിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ പിടിവാശിയെന്ന് ദില്ലി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസുമായി എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാക്കിയരുന്നെന്നും, സംയുക്ത വാര്‍ത്താ സമ്മേളനം വരെ തീരുമാനിച്ചതാണ് എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസ് പിന്മാറുകയായിരുന്നെന്നാണ് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടിയത്.

മോദി അധികാരത്തില്‍ തിരിച്ചുവരാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഹിന്ദു, സിക്ക്, ബുദ്ധമത വിശ്വാസികള്‍ ഒഴികെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യയില്‍ നിന്നും തുരത്തുമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തെ കെജ്‌രിവാള്‍ വിമര്‍ശിച്ചു. ഈ മൂന്ന് മതങ്ങളില്‍പ്പെടാത്തവരെ രാജ്യത്ത് നിന്ന് ഒഴിവാക്കാന്‍ ബി.ജെ.പി ലക്ഷ്യമിടുന്നുവെന്നാണ് ഈ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

No comments