ആര്‍എസ്എസ് ഓഫീസിന്റെ സുരക്ഷ പിന്‍വലിച്ച് കമല്‍നാഥ്; എതിര്‍ത്ത് ദിഗ് വിജയ് സിംഗ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആര്‍എസ്എസ് ഓഫീസ് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണു കമല്‍നാഥ് സര്‍ക്കാരിന്റെ നടപടി. ആര്‍എസ്എസിന്റെ രാജ്യത്തെ പ്രധാന ആസ്ഥാനങ്ങളില്‍ ഒന്നാണ് ഭോപ്പാലിലെ ഓഫീസ്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഭോപ്പാലിലെ ആര്‍എസ്എസ് ഓഫീസിന്റെ സുരക്ഷ പിന്‍വലിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. ഉടന്‍തന്നെ ഇതിനെതിരെ പ്രതിഷേധവുമായി ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ രംഗത്തെത്തി.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ തയാറായില്ല.
കെ. സുദര്ശന് സര്‍സംഘചാലക് ആയിരിക്കെയാണ് ആര്‍എസ്എസ് ഓഫീസിനു സുരക്ഷ ഏര്‍പ്പെടുത്തിയത്. സുദര്‍ശന്റെ മരണശേഷവും ഓഫീസിന്റെ സുരക്ഷ തുടര്‍ന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെ പൂര്‍ണമായി മാറ്റുകയും അവരുടെ ടെന്റ് നീക്കുകയും ചെയ്തു.
അതേസമയം, ആര്‍എസ്ആസ് ആസ്ഥാനത്തിന്റെ സുരക്ഷ പിന്‍വലിച്ച നടപടിക്കെതിരെ മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് രംഗത്തെത്തി. നടപടി നീതിയുക്തമല്ലെന്നും എത്രയും പെട്ടെന്ന് ആസ്ഥാനത്തിനു സുരക്ഷ ഒരുക്കണമെന്നും ദിഗ് വിജയ് സിംഗ് മുഖ്യമന്ത്രി കമല്‍നാഥിനോട് ആവശ്യപ്പെട്ടു.
ബിജെപിയുടെ കോട്ടയായ ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തില്‍ ദിഗ് വിജയ് സിംഗാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. മൂന്നു പതിറ്റാണ്ടായി ബിജെപിയുടെ കുത്തക മണ്ഡലമാണ് ഭോപ്പാല്‍.

No comments