Breaking News

ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ വോട്ടഭ്യര്‍ത്ഥന,​ പെരുമാറ്റചട്ടം ലംഘിച്ചതിന് സുരേഷ് ഗോപിക്ക് നോട്ടീസ്


തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്. ശബരിമലയുടെയും അയ്യപ്പന്റെയും പേര് പറഞ്ഞ് പ്രചാരണം നടത്തിയതിനാണ് ജില്ലാകളക്ടര്‍ ടി.വി. അനുപമ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാമ് ആവശ്യപ്പെട്ടിരിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനമാണ് സുരേഷ് ഗോപി നടത്തിയതെന്ന് ടി.വി അനുപമ വ്യക്തമാക്കി.

അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നുമായിരുന്നു തൃശ്ശൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സുരേഷ് ​ഗോപി പറഞ്ഞത്.

ശബരിമലയെ പ്രചാരണആയുധമാക്കുകയല്ല. പക്ഷേ കേരളത്തിലെ കുടുംബങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇതാണ് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ശബരിമല തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

No comments