രാഹുലും പ്രിയങ്കയും അപ്പോള്‍ ഓടിവന്നില്ലായിരുന്നെങ്കില്‍...! പരിക്കേറ്റ മാധ്യപ്രവര്ത്തകന് പറയാനുള്ളത്
വയനാട്ടില്‍ കോണ്‍ഗ്രസിന്റെ റോഡ്ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശുശ്രൂഷിക്കുന്ന ചിത്രങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു.
നെഹ്റു കുടുംബത്തിന്റെ മഹിമയെന്ന് പ്രമുഖരടക്കം വാഴ്ത്തിയപ്പോഴും ഇത് കോണ്‍ഗ്രസിന്റെ സ്ഥിരം നാടകമാണെന്നാണ് ഒരുവിഭാഗമാളുകള്‍ പ്രചരിപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. എന്നാല്‍, വയനാട്ടില്‍ സംഭവിച്ചത് നാടകമല്ല, യാഥാര്‍ഥ്യമാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പരിക്കേറ്റ മാധ്യമപ്രവര്ത്തകന് റിക്സണ് ഉമ്മന്‍.ചങ്ക് പറിച്ച് കാണിക്കുന്ന എല്ലാവരോടും ചെന്പരത്തി പൂവാണോ എന്ന് ചോദിക്കരുതേ എന്നാണ് റിക്സണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.
അന്ന് നടന്ന സംഭവത്തെക്കുറിച്ച് വിശദമായി റിക്സണ് പോസ്റ്റില്‍ വിവരിക്കുന്നു. ഇടതുപക്ഷ അനുഭാവിയായ റിക്സണ് തനിക്ക് വ്യക്തമായ രാഷ്ട്രീയബോധം ഉണ്ടെന്നും പക്ഷെ അത് ഒരിക്കലും തന്റെ തൊഴിലില്‍ കലര്‍ത്തിയിട്ടില്ലെന്നും വിശദീകരിക്കുന്നു.
എന്റെ ഷൂ കാലില്‍ നിന്ന് ഉൗരിയതും ഷര്‍ട്ടിന്റെ ബട്ടണ്‍സ് അഴിച്ചത് പ്രിയങ്ക ഗാന്ധിയാണെന്നും അതായിരുന്നു എനിക്ക് ലഭിച്ച ഫസ്റ്റ്എയിഡ് എന്നും റിക്സണ് ഓര്‍മിക്കുന്നു.
എന്റെ ഷൂസ് നഷ്ടപ്പെടാതെ പ്രിയങ്ക ഗാന്ധി കൈയില്‍ പിടിച്ചു നിന്നതിന് കാരണം അവരുടെ മനുഷ്യത്വമുള്ള മനസാണെന്ന് റിക്സണ് പറയുന്നു. അത് രാഹുലിനും പ്രിയങ്കയ്ക്കും ഉണ്ടെന്ന് തന്റെ അനുഭവത്തില്‍ കൂടി മനസിലായെന്നും റിക്സണ് കുറിപ്പില്‍ വ്യക്തമാക്കി.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം രാഹുലും പ്രിയങ്ക ഗാന്ധിയും പങ്കെടുത്ത റോഡ് ഷോ ചിത്രകരിക്കുന്നതിനിടെയാണ് റിക്സണ് ഉമ്മന്‍ വാഹനത്തില്‍ നിന്നും വീണ് പരിക്കേറ്റത്.
വീഴ്ചയില്‍ അദ്ദേഹത്തിന്റെ വലത് കൈപ്പത്തിക്ക് പൊട്ടലും തോളല്ലിന് പരിക്കുമുണ്ട്.
അപകട സ്ഥലത്ത് പെട്ടന്ന് എത്തിയ രാഹുലിന്റെയും പ്രിയങ്കയുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് റിക്സണ് കൃത്യസമയത്ത് ചികിത്സ ലഭ്യമായത്.
റിക്സണിന്റെ കാലില്‍ നിന്നും ഉൗരിയെടുത്ത ഷൂ കൈയില്‍ പിടിച്ച് പ്രിയങ്ക ഗാന്ധി നില്‍ക്കുന്നതിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണെന്നാണ് സിപിഎം അനുകൂല സൈബര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.










No comments