Breaking News

ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ പരാമര്‍ശത്തിനെതിരെ അസദുദ്ദിന്‍ ഒവൈസി

ശിവസേന ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെ എഴുതിയ മുഖപ്രസംഗത്തെ AIMIM നേതാവായ അസദുദ്ദിന്‍ ഒവൈസി വിമര്‍ശിച്ചു. ശിവസേനയുടെ ഈ പ്രതികരണത്തെ 'അസംബന്ധം' എന്നാണ് ഒവൈസി വിശേഷിപ്പിച്ചത്. ഹൈദരാബാദില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ക്രിമിനല്‍ നിയമത്തിലെ '377' വകുപ്പ് സുപ്രീംകോടതി റദ്ദാക്കി എന്നതും 'CHOICE' എന്നത് ഇപ്പോള്‍ ഒരു മൗലികാവകാശമാണ് എന്നതും ഒന്നും ശിവസേന മറക്കരുത് എന്നദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്ത് വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ഓരോ ഇന്ത്യന്‍ പൗരനും നമ്മുടെ ഭരണഘടന നല്‍കുന്നുണ്ടെന്നും അതിനെ നിയന്ത്രിക്കാനുള്ള അധികാരമൊന്നും ആരും ശിവസേനയ്ക്ക് ചാര്‍ത്തിക്കൊടുത്തിട്ടില്ലെന്നും ഒവൈസി പറഞ്ഞു.

മറ്റുള്ള രാജ്യങ്ങളിലെ നിയമങ്ങളെപ്പറ്റി താനൊന്നും പറയുന്നില്ലെന്നും ഇന്ത്യന്‍ ഭരണഘടന എന്നത് ശിവസേനയ്ക്ക് ഒരുകാലത്തും മനസ്സിലാവാത്ത ഒരു നിയമാവലിയാണെന്നും അദ്ദേഹം പരിഹാസിച്ചു. ഒരു സമുദായത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്ന ഈ ലേഖനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും, വിഷയത്തില്‍ ശിവസേനയ്‌ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് താന്‍ ആവശ്യപ്പെടുമെന്നും ഒവൈസി മാധ്യമങ്ങളോട് പറഞ്ഞു.

No comments