Breaking News

യാത്രക്കാരെ മർദിച്ച സംഭവം: കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി

കൊച്ചിയില്‍ യാത്രക്കാരനെ ക്രൂരമായി തല്ലിച്ചതച്ച കല്ലട ബസിനെതിരെ ഒടുവില്‍ നടപടി. കല്ലട ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേയ്ക്ക് ആണ് പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തത്. തൃശ്ശൂരില്‍ ചേര്‍ന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടേത് ആണ് നടപടി.

മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ക്ക് ബസ് ഉപയോഗിക്കുക, വാഹനത്തിന്റെ ജീവനക്കാര്‍ക്ക് മേല്‍ ഉടമയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുക എന്നീ നിയമലംഘനങ്ങള്‍ ആര്‍ ടി എ കണ്ടെത്തി.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കെ എല്‍ എച്ച് 45 6513 ബസിന്റെ പെര്‍മിറ്റാണ് സസ്‌പെന്‍ഡ് ചെയ്തത്. ബസിന്റെ പെര്‍മിറ്റ് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍.ടി.ഒ മുമ്പാകെ ഹാജരാക്കണം എന്നും നിര്‍ദ്ദേശമുണ്ട്. തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അധ്യക്ഷയായ ആര്‍ ടി എ സമിതി കല്ലട ഉടമയില്‍ നിന്ന് വിശദീകരണം കേട്ടിരുന്നു.
മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് നേരത്തെയും 17 തവണ ബസിനെതിരെ നടപടി എടുത്തിട്ടുണ്ട്. സമാനമായ കേസുകളില്‍ നേരത്തേ സ്വീകരിച്ച ശിക്ഷാ നടപടികള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ നിന്ന് വാഹന ഉടമയെ പിന്തിരിപ്പിച്ചില്ല എന്നും യോഗം വിലയിരുത്തി.

ഏപ്രിൽ 21ന് കല്ലട ബസിലെ യാത്രക്കാരെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ബസ് കേടായതിനെ തുടർന്ന് പകരം യാത്ര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് യാത്രക്കാരെ ജീവനക്കാർ മർദിച്ചത്. വൈറ്റിലയിൽ വെച്ചായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ നിരവധിപേരാണ് കല്ലടയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

No comments