Breaking News

ഇത് ചരിത്രം.. കേരളത്തിന്റെ സമീപകാല ഇലക്ഷന്‍ ചരിത്രത്തില്‍ ഇത്രയും ചിലവ് കുറഞ്ഞ ഒരു തെരഞ്ഞെടുപ്പ് പ്രചരണം ഉണ്ടായിട്ടില്ലെന്ന് നേതാക്കള്‍... കാരണം..

കേരളത്തിന്റെ സമീപകാല ഇലക്ഷന്‍ ചരിത്രത്തില്‍ ഇത്രയും ചിലവ് കുറഞ്ഞ ഒരു തെരഞ്ഞെടുപ്പ് പ്രചരണം ഉണ്ടായിട്ടില്ലെന്ന് നേതാക്കള്‍.
സോഷ്യല്‍ മീഡിയ നവമാധ്യമ ലോകത്ത് പിടിമുറുക്കിയതോടെ പ്രിന്‍റഡ് സാമഗ്രികളുമായി സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്താന്‍ ഇറങ്ങേണ്ട സാഹചര്യം മാറി. ഇതോടെ പണച്ചിലവ് പത്തിലൊന്നായി കുറഞ്ഞു.

സ്ഥാനാര്‍ഥികളുടെ ഫോട്ടോയും ചിഹ്നവും പോസ്റ്ററുകളും പ്രചരണ ചിത്രങ്ങളും പര്യടന ഫോട്ടോകളുമെല്ലാം നിറഞ്ഞാടിയത് സോഷ്യല്‍ മീഡിയ വഴിയായിരുന്നു.
വാര്‍ത്തകള്‍ക്ക് വേണ്ടി പിറ്റേദിവസത്തെ പത്രങ്ങള്‍ നോക്കിയിരിക്കേണ്ട ഗതികേടില്ല. പകരം വാര്‍ത്തകള്‍ നിരവധി ചിത്രങ്ങളോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചാനലുകളിലും അപ്പപ്പോള്‍ വരികയായിരുന്നു.

ഇതോടെ മൂന്നു മുന്നണി സ്ഥാനാര്‍ഥികളും പോസ്റ്ററുകളുടെ ഇനവും എണ്ണവും നേര്‍പകുതിയായി കുറച്ചു. ഫ്ലക്സ് ബോര്‍ഡുകളുടെ എണ്ണവും മൂന്നിലൊന്നായി. അതും 8 -4, 10 - 4 സൈസിലുള്ള വലിയ ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. കട്ടൗട്ടുകളും മൂന്നു സ്ഥാനാര്‍ഥികളും പൂര്‍ണ്ണമായി ഒഴിവാക്കി.

അതേസമയം, കുടുംബസമ്മേളനങ്ങളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവ്‌ വരുത്തി. അനുഭാവികളായ പ്രവര്‍ത്തകരെ ഒന്നിച്ചുകൂട്ടി തങ്ങളുടെ നിലപാടുകളും സ്ഥാനാര്‍ഥിയെയും മുന്നണിയെയും കുറിച്ചുള്ള വിവരങ്ങളും നേരിട്ട് അവതരിപ്പിക്കാന്‍ കുടുംബ സമ്മേളനങ്ങള്‍ ഉപകരിച്ചു.
മൂന്നു സ്ഥാനാര്‍ഥികളുടെയും കുടുംബസമ്മേളനങ്ങളില്‍ അതാത് മുന്നണികളുടെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് പങ്കെടുത്തത്.

ഇടത് മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പനുവേണ്ടി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ മന്ത്രിമാരായ എം എം മണി, തോമസ്‌ ഐസക്, സി രവീന്ദ്രനാഥ്‌, വി എസ് സുനില്‍കുമാര്‍, ജെ മേഴ്സിക്കുട്ടിയമ്മ, എ കെ ശശീന്ദ്രന്‍ എന്നിങ്ങനെയുള്ള വമ്ബന്‍ നിര തന്നെയാണ് കുടുംബ സമ്മേളനങ്ങളില്‍ പങ്കെടുത്തത്.

യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോമിന് വേണ്ടി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബെഹന്നാന്‍, ആന്റോ ആന്റണി, കെ എസ് ശബരീനാഥന്‍, ഡീന്‍ കുര്യാക്കോസ്, രമ്യാ ഹരിദാസ്, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ജയ്ഹിന്ദ് ചാനല്‍ മേധാവി ബി എസ് ഷിജു, പി കെ കുഞ്ഞാലിക്കുട്ടി, ജോണി നെല്ലൂര്‍, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവരുടെ വന്‍ നിരയുമെത്തി.

ബി ജെ പി സ്ഥാനാര്‍ഥി എന്‍ ഹരിക്കുവേണ്ടി കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങി ദേശീയ നേതാക്കള്‍ വരെയെത്തി.

കമ്മീഷന്റെ ക്യാമറ കണ്ണുകളും ചിലവ് ചുരുക്കലിന് കാരണം

സ്ഥാനാര്‍ഥികളുടെ പ്രചരണ സാമഗ്രികള്‍ സംബന്ധിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍ വിശദമായ വീഡിയോ ചിത്രീകരണവുമായി രംഗത്ത് വന്നതോടെ ആര്‍ഭാടം ഒഴിവാക്കാന്‍ സ്ഥാനാര്‍ഥികള്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. പോസ്റ്ററുകള്‍, ബോര്‍ഡുകള്‍, പര്യടനത്തിലെ ചെണ്ടമേളം, ബാന്റ്, വാഹനങ്ങള്‍ തുടങ്ങി എല്ലാം നിരീക്ഷണ വിധേയമാക്കി. കമ്മീഷന്‍ നിബന്ധന അനുസരിച്ച്‌ 28 ലക്ഷം രൂപയാണ് സ്ഥാനാര്‍ഥിയ്ക്ക് ചിലവഴിക്കാവുന്നത്.

പ്രചരണ വാഹനങ്ങള്‍ക്ക് (അനൌണ്‍സ്മെന്റ്) കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വരെ കിലോമീറ്ററിന് 10 രൂപ കണക്കാക്കിയിരുന്നത് ഇത്തവണ 20 രൂപയായി ഇലക്ഷന്‍ കമ്മീഷന്‍ ഉയര്‍ത്തി.
പോസ്റ്ററുകളുടെയും ബോര്‍ഡുകളുടെയും എണ്ണം കുറച്ചെങ്കിലും അനൌണ്‍സ്മെന്റ് വാഹനങ്ങളുടെ എണ്ണം ഇത്തവണ കൂടുതലായിരുന്നു. കുടുംബ സംഗമങ്ങളുടെ എണ്ണം കൂട്ടിയതോടെ അനൌണ്‍സ്മെന്റ് ഒഴിവാക്കാനാകാതായതാണ് കാരണം.

പോസ്റ്ററുകളുടെ എണ്ണത്തില്‍ കള്ളക്കണക്ക് കാണിക്കാമെങ്കിലും മൈക്ക് അനുമതി വാങ്ങി ഇറങ്ങുന്ന അനൌണ്‍സ്മെന്റ് വാഹനങ്ങളുടെ എണ്ണത്തില്‍ കള്ളത്തരം പറ്റില്ല. അതോടെ മറ്റ്‌ ഇനങ്ങളില്‍ ചിലവ് ചുരുക്കി.

മറ്റൊന്ന്, സാധാരണ പ്ലാസ്റ്റിക് ഫ്ലക്സ് ബോര്‍ഡുകള്‍ ഇത്തവണ പൂര്‍ണ്ണമായി നിരോധിച്ചതാണ്. പ്ലാസ്റ്റിക് ഫ്ലക്സിന് ചതുരശ്രയടിക്ക് 9 രൂപയായിരുന്നു പ്രിന്റിംഗ് ചിലവെങ്കില്‍ പകരം ഉപയോഗിക്കുന്ന മണ്ണില്‍ അലിഞ്ഞുചേരുന്ന ഫ്ലക്സിന് പ്രിന്റിംഗ് ചിലവ് മാത്രം ഇരട്ടിയിലധികം 19 രൂപയാണ്. ഇതോടെ ഫ്ലക്സ് എണ്ണം കുറയ്ക്കുകയല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായി. 2 - 2, 6 - 4 സൈസിലാണ് ഇത്തവണ പാലായില്‍ ഉയര്‍ന്ന ഫ്ലക്സ് ബോര്‍ഡുകളൊക്കെ.

എല്ലാ ദിവസവും മഴയായിരുന്നതോടെ ചുവരെഴുത്തുകളും ഇത്തവണ നന്നായി കുറച്ചു. മുന്നണികള്‍ ഓടിനടന്ന് ബുക്ക് ചെയ്ത ചുവരുകളൊക്കെ വെറുതെ കിടക്കുകയാണ്.

മറ്റൊന്ന് ചരിത്രത്തില്‍ തന്നെ ഇത്ര കുറഞ്ഞ സമയപരിധിയുണ്ടായ ഒരു തെരഞ്ഞെടുപ്പില്ലെന്നതാണ്. പ്രചരണത്തിന് കിട്ടിയത് കുറഞ്ഞ സമയമാണ്. അതിനിടയില്‍ ഓണം അവധിയായി ഒരാഴ്ച മാറി. യഥാര്‍ത്ഥത്തില്‍ പരസ്യ പ്രചാരണത്തിനായി സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയത് 10 ദിവസമാണ്.

അതിനിടയില്‍ ശനിയാഴ്ച ശ്രീനാരായണഗുരു സമാധിയായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശം മൂന്നു മുന്നണികളും വെള്ളിയാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. ഇതോടെ നിശബ്ദ പ്രചരണവും 2 ദിവസത്തേക്കായി മാറിക്കഴിഞ്ഞു.

എന്തായാലും ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥിയാകണമെങ്കില്‍ കുറഞ്ഞത് ഒന്നരക്കോടി കൈവശം വേണ്ടിവരുന്നതാണ് നിലവിലെ സ്ഥിതി. ഈ സാഹചര്യത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് പാലാ മോഡലില്‍ തെരഞ്ഞെടുപ്പ് ചിലവ് കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ഒരു പരിധിവരെ അഴിമതി കുറച്ചുകൊണ്ടുവരാന്‍ കഴിയും.

No comments