പ്രശസ്‌ത നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു
പ്രശസ്ത സിനിമ സീരിയല്‍ താരം രവി വള്ളത്തോള്‍ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ഗാനരചയിതാവായിട്ടായിരുന്നു സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1976ല്‍ പുറത്തിറങ്ങിയ മധുരം തിരുമധുരം എന്ന സിനിമയിലെ താഴ്‍വരയില്‍ മഞ്ഞുപെയ്‍തു എന്ന ഗാനമാണ് ആദ്യമായി എഴുതിയത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ സ്വാതിതിരുനാള്‍ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടര്‍ന്ന് നാലുപെണ്ണുങ്ങള്‍, വിധേയന്‍, ഗോഡ്ഫാദര്‍, ഇടുക്കി ഗോള്‍ഡ് തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു.

No comments