Breaking News

9,000 കോടിയിലേറെ രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്കു മുങ്ങിയ വ്യവസായി ഭീമന്‍ വിജയ് മല്യയെ ഇന്ന് മുംബയില്‍ കൊണ്ടുവരും.

ബാങ്കുകളില്‍ നിന്ന് 9,000 കോടിയിലേറെ രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്കു മുങ്ങിയ വ്യവസായി ഭീമന്‍ വിജയ് മല്യയെ ഇന്ന് മുംബയില്‍ കൊണ്ടുവരും. സി.ബി.ഐയുടെയും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഉദ്യോഗസ്ഥരാണ് ലണ്ടനില്‍ നിന്ന് മല്യയെ കൊണ്ടുവരുന്നത്. മുംബയ് വിമാനത്താവളത്തിലെത്തിക്കുന്ന അദ്ദേഹത്തെ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കും. ആര്‍തര്‍ റോഡ് ജയിലിലാകും മല്യയെ പാര്‍പ്പിക്കുക.

കോടതിയില്‍ ഹാജരാക്കി സി.ബി.ഐ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അതിനുശേഷം എന്‍ഫോഴ്സ്‌മെന്റും ചോദ്യം ചെയ്യും. നിയമത്തിന്റെറ അവസാന കണ്ണിയും ഉപയോഗിച്ച്‌ ഇന്ത്യയിലേക്ക് വരാതിരിക്കാന്‍ സകലശ്രമവും മല്യ നടത്തിയിരുന്നു.

അതെല്ലാം പൊളിയുകയായിരുന്നു. മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ മേയ് 14ന് ബ്രിട്ടനിലെ ഉന്നതകോടതി ഉത്തരവിട്ടിരുന്നു. 17 ബാങ്കുകളില്‍ നിന്ന് 9,000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് 2016 മാര്‍ച്ചില്‍ മല്യ രാജ്യംവിട്ടത്. നീണ്ട നിയമപോരാട്ടത്തിനുശേഷമാണ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നത്.

ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ മല്യ നല്‍കിയ അപ്പീലില്‍ 2018 ആഗസ്റ്റില്‍ വാദംകേട്ട കോടതി, അദ്ദേഹത്തെ കൈമാറിയാല്‍ ഏതു ജയിലിലാണ് പാര്‍പ്പിക്കുകയെന്ന് അന്വേഷണ ഏജന്‍സികളോടു ചോദിച്ചിരുന്നു. മുംബയില്‍ അതീവസുരക്ഷയിലാകും തടവിലാക്കുകയെന്നാണ് ഏജന്‍സികള്‍ നല്‍കിയ മറുപടി.

കോടീശ്വരന്‍ അറസ്റ്റിലായി വരുന്ന കാഴ്ച സിനിമകളില്‍ മാത്രം കണ്ടിട്ടുള്ളതാണ്. അതാണ് അധോലോകത്തിന്റെ തറവാടായ മുംബയില്‍ ഇന്ന് കാണാന്‍ പോകുന്നത്. പൊലീസും പട്ടാളവുമൊക്കെ മല്യക്ക് മുന്നില്‍ ഓച്ചാനിച്ച്‌ നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു സി.ബി.ഐയും ഒരു എന്‍ഫോഴ്സ്മെന്റും എത്തിനോക്കാതിരുന്ന മല്യയുടെ സാമ്രാജ്യത്തിന്റെ തിരക്കഥ കാലം മാറ്റി എഴുതി.

ബാങ്കുകളെ വെട്ടിച്ച്‌ പണവുമായി മുങ്ങിയ മല്യയുടെ ജീവിതം വിദേശ രാജ്യങ്ങളിലായി. ഇന്ത്യ കടന്നാല്‍ പിന്നെ താന്‍ സുരക്ഷിതന്‍ എന്ന് കരുതി പണത്തിന്റെ ഹുങ്കില്‍ വാണിരുന്ന മല്യയുടെ ജീവിത കഥയില്‍ നിയമം ക്ളാപ്പടിച്ചു നിന്നു. മല്യക്ക് പിന്നാലെ ഇന്ത്യാ മഹാരാജ്യം കണ്ണടയ്ക്കാതെ ചേയ്സ് നടത്തിയപ്പോള്‍ പോയ ട്രാക്കിലൂടെ തന്നെ മല്യ തിരിച്ചുവരികയാണ്. വെട്ടിപ്പ് കേസിലെ പ്രതിയായി. മുംബയുടെ അധോലോകത്തില്‍ സിനിമയിലൂടെ മാത്രം കണ്ടിട്ടുള്ള ആ കഥയുടെ പച്ചയായ ജീവിതാവിഷ്കാരമായി മല്യയുടെ വരവ് മാറുകയാണ്.

No comments