Breaking News

ഗലോട്ടിനെ മാറ്റില്ല; ഉപവസിച്ച് സച്ചിന്‍ പുറത്തേക്കോ..?? രാജസ്ഥാനില് നടക്കുന്നതെന്ത്.??


 പാർട്ടി വിരുദ്ധപ്രവർത്തനമാണെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയ സ്ഥിതിക്ക് നിരാഹാരസമരവുമായി സച്ചിൻ പൈലറ്റ് മുന്നോട്ടുപോകുമ്പോൾ, അദ്ദേഹം വഴിതുറക്കുന്നത് പാർട്ടിക്ക് പുറത്തേക്കുള്ള വാതിലോയെന്നാണ് അഭ്യൂഹം. എട്ടുമാസങ്ങൾക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ പൈലറ്റിന്റെ സമ്മർദ്ദതന്ത്രങ്ങൾക്ക് വഴിപ്പെടേണ്ടെന്നാണ് എ.ഐ.സി.സി. നേതൃത്വത്തിന്റെ തീരുമാനം. പഞ്ചാബിലേതുപോലെ അവസാനനിമിഷം അധികാരക്കൈമാറ്റം നടത്തി പരീക്ഷണത്തിനില്ലെന്ന നിലപാടാണ് കോൺഗ്രസ് കേന്ദ്രനേതൃത്വത്തിനുള്ളത്.

മുൻ ബി.ജെ.പി. സർക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങളിൽ അന്വേഷണമാവശ്യപ്പെട്ടാണ് പൈലറ്റ് നിരാഹാരമിരിക്കുന്നത്. 2018-ൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കി എന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നാണ് നിരാഹാരമിരിക്കാനുള്ള കാരണമായി സച്ചിൻ പൈലറ്റ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, പൈലറ്റിന്റെ വാദം തെറ്റാണെന്നും സഞ്ജീവനി കുംഭകോണത്തിൽ മുതിർന്ന ബി.ജെ.പി. നേതാവ് ഗജേന്ദ്ര ഷെഖാവത്തിനെതിരേ അന്വേഷണം നടക്കുകയാണെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കിയിരുന്നു. ഗൂഢാലോചന നടത്തിയതിനും എം.എൽ.എ.മാരെ വിലയ്ക്കുവാങ്ങാൻ ശ്രമിച്ചതിനും കേസുണ്ട്. അന്വേഷണം നടക്കുന്നില്ലെന്ന് പറയുന്നത് തെറ്റാണെന്നും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അത് എ.ഐ.സി.സി. നിരീക്ഷകന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ഖേര പറഞ്ഞു.


പൈലറ്റിന്റെ നിരാഹാരസമരം പാർട്ടി വിരുദ്ധ നടപടിയാണെന്ന് പറഞ്ഞ രാജസ്ഥാന്റെ ചുമതലയുള്ള സുഖ്വീന്ദർ സിങ് രൺധാവ, സർക്കാരിനെതിരായി പരാതിയുണ്ടെങ്കിൽ അത് മാധ്യമങ്ങൾക്ക് മുന്നിലും പൊതുവേദികൾക്കും പകരം പാർട്ടി വേദികളിലാണ് ചർച്ച ചെയ്യേണ്ടതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി രാജസ്ഥാന്റെ ചുമതലയുള്ള തന്നോട് പൈലറ്റ് ഇത്തരം കാര്യങ്ങളൊന്നും സൂചിപ്പിച്ചിരുന്നില്ല. അദ്ദേഹവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പാർട്ടിയുടെ അവിഭാജ്യഘടകമെന്ന നിലയിൽ ചർച്ചകൾക്ക് അഭ്യർഥിക്കുകയാണെന്നും റൺധാവ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു.

No comments