അഡ്വ. വീണ നായര്‍ക്ക് എതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ അപവാദം പ്രചരിപ്പിച്ച കേസില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും അഭിഭാഷകയുമായ അഡ്വ. വീണ നായര്‍ക്ക് എതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വീണ നായര്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി നടപടി. അഡ്വ ജഹാംഗീര്‍ റസാഖ് പാലേരിയാണ് വീണക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
മാര്‍ച്ച് 31 നാണ് കേസിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റ് വീണ പോസ്റ്റ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധി സമയത്തും നാം മുന്നോട്ട് എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടിയുടെ സ്ലോട്ടില്‍ മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനങ്ങളുടെ വീഡിയോ സംപ്രേഷണം ചെയ്യുന്ന പി.ആര്‍ പ്രവൃത്തി ധൂര്‍ത്താണെന്നാണ് പോസ്റ്റില്‍ പറയുന്നത്.

No comments