Breaking News

മധുവിധു തീരും മുമ്പേ തര്‍ക്കങ്ങള്‍; ജോസ് കെ മാണി എല്‍ഡിഎഫിന് കുരിശാകുമോ...!! എന്‍സിപി കൂടി പോയാല്‍..


കോട്ടയം :  ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികച്ചത് നേരിയ ഭൂരിപക്ഷത്തിലായിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്ന് സിപിഎം ആദ്യമേ വ്യക്തമാക്കിയിരുന്നെങ്കിലും, ഒടുവില്‍ കെഎം മാണിയുമായി ചില ചര്‍ച്ചകള്‍ നടന്നു. മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനവും ഉണ്ടായിരുന്നു എന്നാണ് വാര്‍ത്തകള്‍ വന്നത്.


എന്തായാലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുകയും അതിന് ശേഷം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. അതിനിടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് കെഎം മാണിയ്ക്ക് ധനമന്ത്രി പദവി ഒഴിയേണ്ടി വന്നു. പുതിയ സര്‍ക്കാര്‍ വന്നതിന് പിറകേ കുറച്ചുകാലം കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിടുകയും ചെയ്തു.


മാണിയുടെ മരണശേഷം പാലായിലെ തോല്‍വിയും കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സംബന്ധിച്ച തര്‍ക്കങ്ങളും കൂടി ചേര്‍ത്തുവച്ച് വേണം ഇപ്പോഴത്തെ ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കങ്ങളെ വിലയിരുത്താന്‍...


കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സംബന്ധിച്ചായിരുന്നു യുഡിഎഫില്‍ ജോസ് കെ മാണി കലാപക്കൊടി ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ ജോസഫ് ഗ്രൂപ്പ് എതിര്‍പക്ഷത്ത് നിന്നു. ഒടുക്കം ജോസ് കെ മാണിയെ മുന്നണിയില്‍ നിന്ന് പുറത്താക്കുന്ന സാഹചര്യവും ഉണ്ടായി. അങ്ങനെയാണ് ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ എത്തുന്നത്.


ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയതോടെ മധ്യ തിരുവിതാംകൂറില്‍ ഇടതുപക്ഷം ശക്തി പ്രാപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് പ്രകടമാവുകയും ചെയ്തു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇടതുമുന്നണി വലിയ നേട്ടമുണ്ടാക്കി. കോട്ടയം ജില്ലയില്‍ മുനിസിപ്പാലിറ്റികളില്‍ ഒഴികെ ഇടത് തരംഗം തന്നെ ദൃശ്യമാവുകയും ചെയ്തു.


കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടി പേരും രണ്ടില ചിഹ്നവും കിട്ടിയതാണ് ജോസ് കെ മാണിയുടെ തുറുപ്പുചീട്ടായത്. പാര്‍ട്ടി ചിഹ്നം കിട്ടാതെ ചെണ്ട അടയാളത്തില്‍ മത്സരിച്ച പിജെ ജോസഫ് വിഭാഗത്തിന് വലിയ തിരിച്ചടിയും നേരിട്ടു. ഇത് കൂടാതെ, യുഡിഎഫില്‍ വേണ്ടത്ര പ്രാമുഖ്യം കിട്ടുന്നില്ലെന്ന ക്രൈസ്തവ വിഭാഗത്തിന്റെ പരാതിയും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.


തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സീറ്റ് നിര്‍ണയത്തില്‍ ജോസ് കെ മാണി വിഭാഗം കടുംപിടിത്തം തുടങ്ങിയിരുന്നു. എല്‍ഡിഎഫും സിപിഎമ്മും ഇതിനോട് വിട്ടുവീഴ്ച ചെയ്യുകയും ചെയ്തു. ഇതില്‍ പ്രധാനമായും നഷ്ടം നേരിട്ടത് സിപിഐയും എന്‍സിപിയും ആയിരുന്നു.


ചരിത്രത്തില്‍ ആദ്യമായി പാല നഗരസഭ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് ഇത്തവണ സാധിച്ചു. എന്നാല്‍ നഗരസഭ ഭരണനേതൃത്വം സംബന്ധിച്ച് ജോസ് കെ മാണി വീണ്ടും വാശി തുടരുകയാണുണ്ടായത്. അതിനോടും വിട്ടുവീഴ്ച ചെയ്യാന്‍ ഇടതുമുന്നണി തയ്യാറായി.


ഒടുക്കം ജില്ലാ പഞ്ചായത്ത് ഭരണത്തിന്റെ കാര്യത്തിലും ജോസ് കെ മാണി വിഭാഗത്തിന്റെ പിടിവാശി തുടരുകയാണ്. അഞ്ച് വര്‍ഷവും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി വേണം എന്നാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം. സീറ്റ് നില നോക്കിയാല്‍ ജോസ് കെ മാണി വിഭാഗത്തേക്കാള്‍ മുന്നില്‍ സിപിഎം ആണ്. രണ്ടര വര്‍ഷം ഭരണം പങ്കിടാമെന്ന സിപിഎം വാഗ്ദാനം അംഗീകരിക്കാന്‍ തുടക്കംമുതലേ ജോസ് കെ മാണി വിഭാഗം തയ്യാറായിരുന്നില്ല.


തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ മുന്നണിയില്‍ തര്‍ക്കത്തിന് വഴിമരുന്നിടുന്നതും ജോസ് കെ മാണി വിഭാഗം തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ മിന്നും വിജയമാണ് ഇതിന് അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നതും.


പാലാ നിയമസഭാ മണ്ഡലം ജോസ് കെ മാണിയെ സംബന്ധിച്ച് വൈകാരികമായ ഒന്നാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാലാ സീറ്റിനായി ജോസ് നിർബന്ധം പിടിക്കും എന്നും ഉറപ്പായിക്കഴിഞ്ഞു. എൻസിപിയുടെ സിറ്റിങ് എംഎൽഎ മാണി സി കാപ്പനും പാലാ മണ്ഡലം വൈകാരിക വിഷയമാണ്. ജോസിന് മുന്നിൽ എൽഡിഎഫ് വഴങ്ങിയാൽ മാണി സി കാപ്പൻ മുന്നണി വിടുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു.


ജോസ് കെ മാണിയുടെ വരവോടെ, വര്‍ഷങ്ങളായി ഇടതുമുന്നണിയില്‍ നിലകൊള്ളുന്ന എന്‍സിപി യുഡിഎഫിലേക്ക് പോയേക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മാണി സി കാപ്പന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പിജെ ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തു. ജോസ് കെ മാണിയെ മുന്നണിയില്‍ എടുത്തത് ഇത്തരത്തില്‍ വലിയ തിരിച്ചടികള്‍ക്ക് കാരണമാകുമോ എന്നും ആശങ്കയുണ്ട്.


ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ തുടര്‍ന്നാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും എല്‍ഡിഎഫിനുള്ളിലുണ്ട്. ജോസ് കെ മാണി വിഭാഗത്തിന്റെ വരവ് മാത്രമല്ല, യുഡിഎഫിനോടുള്ള അസംതൃപ്തി കൊണ്ട് കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ വിജയം നേടാന്‍ കഴിഞ്ഞത് എന്ന വിലയിരുത്തലും എല്‍ഡിഎഫിനുള്ളില്‍ ഉണ്ട്. സര്‍ക്കാരിന്റെ ജനോപകരാപ്രദമായ പ്രവര്‍ത്തനങ്ങളും ഫലം ചെയ്തു.

No comments