Breaking News

പാലായില്‍ കാപ്പന്‍ പിന്‍മാറിയേക്കും..?? കുട്ടനാട്ടില്‍ മത്സരിക്കാന്‍ സാധ്യത..!! അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനം.. ഇനി തർക്കം കുട്ടനാട്ടിൽ..

 


തിരുവനന്തപുരം: പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി കാപ്പനും എന്‍സിപിയും വിട്ടുവീഴ്ച ചെയ്‌തേക്കും എന്ന രീതിയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണിപ്പോള്‍. എകെജി സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ നിന്ന് മാണി സി കാപ്പന്‍ വിട്ടുനിന്നെങ്കിലും സമവായ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.


വിഷയത്തില്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും ഇടപെടുന്നുണ്ട്. സിപിഎമ്മിന്റേയും സിപിഐയുടേയും ദേശീയ നേതാക്കളുമായി ശരദ് പവാര്‍ ആശയ വിനിമയം നടത്തുമെന്ന് അറിയിച്ചിരുന്നു. പാലാ സീറ്റിന് കേരള കോണ്‍ഗ്രസ് എം അവകാശവാദമുന്നയിച്ചതോടെ എന്‍സിപി ഇടതുമുന്നണി വിട്ടേക്കുമെന്ന ചര്‍ച്ചകളും തുടങ്ങിയിരുന്നു. വിശദാംശങ്ങള്‍...


ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തിയതോടെ ആണ് പാലാ സീറ്റിനെ കുറിച്ചുള്ള ആശയക്കുഴപ്പം തുടങ്ങിയത്. അര നൂറ്റാണ്ടിലേറെയായി കെഎം മാണി കൈവശം വച്ച സീറ്റ് അദ്ദേഹത്തിന്റെ മരണശേഷം എല്‍ഡിഎഫ് പിടിച്ചെടുത്തത് മാണി സി കാപ്പനിലൂടെ ആയിരുന്നു.


തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ മധ്യകേരളത്തില്‍ ഇടതുമുന്നണി വലിയ വിജയമാണ് നേടിയത്. ഇതോടെയാണ് ജോസ് കെ മാണി പാലാ സീറ്റിന് വേണ്ടിയുടെ ആവശ്യം ശക്തമാക്കിയത്. ഇതോടെ എല്‍ഡിഎഫ് ഇതിന് വഴിപ്പെടുമെന്ന പൊതുബോധവും സൃഷ്ടിക്കപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍സിപിയ്ക്ക് കാര്യമായ പ്രാതിനിധ്യം ലഭിച്ചില്ല എന്ന പരാതിയും ഉയര്‍ന്നു.


പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ എല്‍ഡിഎഫ് വിട്ട് എന്‍സിപി യുഡിഎഫിലേക്ക് പോകുമെന്ന പ്രചാരണവും ഉണ്ടായി. അത്തരത്തില്‍ ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എന്‍സിപിയിലെ തന്നെ എകെ ശശീന്ദ്രന്‍ വിഭാഗം മുന്നണി വിടുന്നതിനോട് കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


മാണി സി കാപ്പന് കുട്ടനാട് സീറ്റ് നല്‍കി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാന്‍ ശശീന്ദ്രന്‍ വിഭാഗം ശ്രമിച്ചിരുന്നു. കുട്ടനാടും വേണ്ട, മുട്ടനാടും വേണ്ട എന്നായിരുന്നു ഇതിനോട് മാണി സി കാപ്പന്റെ പ്രതികരണം. പാലാ സീറ്റ് വേണം എന്നതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും കാപ്പന് പിന്തുണയായി എത്തിയിരുന്നു.


എന്നാല്‍, കാര്യങ്ങളില്‍ ഇപ്പോള്‍ മാറിമറിയുകയാണ് എന്ന രീതിയിലും ചില സൂചനകള്‍ പുറത്ത് വരുന്നുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കാപ്പന്‍ കുട്ടനാട്ടില്‍ മത്സരിക്കാന്‍ തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപിയുടെ മറ്റൊരു സിറ്റിങ് സീറ്റാണ് കുട്ടനാട്. തോമസ് ചാണ്ടിയുടെ മരണത്തിന് ശേഷം സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.


കാപ്പന്‍ കുട്ടനാട് സീറ്റില്‍ മത്സരിച്ച് വിജയിക്കുകയും, എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയും ചെയ്താല്‍ മന്ത്രി സ്ഥാനം നല്‍കാമെന്ന രീതിയിലും വാഗ്ദാനങ്ങള്‍ ഉള്ളതായി പറയപ്പെടുന്നു. ശശീന്ദ്രന്‍ വിഭാഗം തന്നെയാണ് ഇത്തരത്തിലുള്ള ചില ചര്‍ച്ചകള്‍ രൂപപ്പെടുത്തിയെടുക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.


കഴിഞ്ഞ ദിവസം മാണി സി കാപ്പന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പവാറിന്റെ കേരള സന്ദര്‍ശനം റദ്ദാക്കിയ പശ്ചാത്തലത്തില്‍ ആയിരുന്നു ഇത്. വിഷയം മറ്റ് ഇടത് നേതാക്കളുമായി കൂടി ചര്‍ച്ച ചെയ്യുമെന്ന് പവാര്‍ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.


കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടതുമുന്നണിയ്‌ക്കൊപ്പം നില്‍ക്കുന്നതാകും ഉചിതം എന്ന നിലപാടാണ് ശരദ് പവാറിനും ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം കേരളത്തില്‍ ഇടതുഭരണം പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. ഭരണപക്ഷത്തുണ്ടാവുക എന്നതായിരിക്കും പാര്‍ട്ടിയുടെ ഭാവിയ്ക്ക് നല്ലത് എന്നൊരു വിലയിരുത്തല്‍ പവാറിന്റെ ഭാഗത്ത് നിന്ന് ഉണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


ഇടതുമുന്നണിയ്ക്കുള്ളില്‍ ഇതുവരെ പാലാ സീറ്റ് ചര്‍ച്ചയായി ഉയര്‍ന്നിട്ടില്ല. അതുകൊണ്ട് അതിനെ ഒരു തര്‍ക്ക വിഷയമായി കണക്കാക്കാന്‍ ആവില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ ഇടതുമുന്നണി യോഗത്തിന് മുമ്പായി പറഞ്ഞത്. മുന്നണി വിടുന്ന പ്രശ്‌നമില്ലെന്നും സിറ്റിങ് സീറ്റില്‍ മത്സരിക്കുക എന്നതാണ് കീഴ് വഴക്കം എന്നും അദ്ദേഹം പറഞ്ഞിരുന്നു. കാപ്പന്‍ വഴങ്ങിയേക്കും എന്നതിന്റെ സൂചനയാണ് ഇത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.


2016 ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം രണ്ട് പ്രമുഖ ഘടകക്ഷികള്‍ ആണ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറിയത്. ഇത്തവണ ഭരണം പിടിക്കണമെങ്കില്‍ കൂടുതല്‍ ഘടകക്ഷികള്‍ എത്തണമെന്ന ആഗ്രഹം യുഡിഎഫിനുണ്ട്. അതുകൊണ്ട് തന്നെ വലിയ വാഗ്ദാനങ്ങള്‍ എന്‍സിപി കേരള ഘടകത്തിന് മുന്നില്‍ അവര്‍ വച്ചിരുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മാണി സി കാപ്പനെ പരസ്യമായി യുഡിഎഫിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

No comments