Breaking News

എല്‍ഡിഎഫിന് റെക്കോഡ് ഭൂരിപക്ഷമുള്ള മണ്ഡലം; ഇത്തവണ കൈവിടുമോ...!! പൊള്ളുന്ന ഉള്ളവുമായി ശശീന്ദ്രന്‍.. ഉടക്കിട്ട്‌ കാപ്പനും..

 


കോഴിക്കോട്: ഇടതുപക്ഷത്തിന് കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ റെക്കോഡ് ഭൂരിപക്ഷം നേടിക്കൊടുത്ത മണ്ഡലമാണ് എലത്തൂര്‍. എന്‍സിപി നേതാവ് എകെ ശശീന്ദ്രന്‍ വെന്നിക്കൊടി നാട്ടിയ മണ്ഡലം. ഉടന്‍ ചാടുമെന്ന് ഭീഷണി മുഴക്കി മാണി സി കാപ്പന്‍ മുന്നണിയുടെ വാതിലില്‍ നില്‍ക്കുമ്പോള്‍ പിടയുന്നത് ശശീന്ദ്രന്‍ നെഞ്ചാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം എന്തുവന്നാലും എല്‍ഡിഎഫ് വിടില്ലെന്ന് ആവര്‍ത്തിക്കുന്നത്.


ഇത്തവണ ശശീന്ദ്രന് എലത്തൂര്‍ കിട്ടാനിടയില്ലെന്ന് സൂചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍സിപി പ്രവര്‍ത്തകര്‍ എല്‍ഡിഎഫില്‍ അവഗണന നേരിട്ടുവെന്ന ആരോപണം ചേര്‍ത്തുവായിക്കുമ്പോള്‍ കാര്യങ്ങള്‍ ഏറെകുറെ വ്യക്തമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലത്തോട്ട് ചായുന്ന കോഴിക്കോട് ജില്ല, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്തോടാണ് ചായാറ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ റെക്കോഡ് ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിന് എലത്തൂരില്‍ ലഭിച്ചത്. ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ ക്യാബിനറ്റിലേക്ക് തിരഞ്ഞെടുത്തതില്‍ ഈ റെക്കോഡ് ഒരു കാരണമായിരുന്നു.


പാലാ സീറ്റ് എന്‍സിപിക്കും മാണി സി കാപ്പനും കാത്തിരുന്ന് കിട്ടിയ കണ്‍മണിയാണ്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഉപതിരഞ്ഞെടുപ്പില്‍ കാപ്പന്‍ ജയിച്ച മണ്ഡലം. മാണി സാറിന്റെ നിഴല്‍ മാഞ്ഞതോടെയാണ് പാലാ എന്‍സിപിക്കൊപ്പം നിന്നത്. എന്നാല്‍ എല്‍ഡിഎഫിലെ രാഷ്ട്രീയ സമവാക്യത്തിലുണ്ടായ മാറ്റം പാലാ എന്‍സിപിയെ കൈവിടുമെന്നതിലേക്കെത്തിയിരിക്കുന്നു.


ജോസ് കെ മാണി പക്ഷത്തിന് പാലാ വേണം. വിട്ടുകൊടുക്കാന്‍ മാണി സി കാപ്പന്‍ തയ്യാറല്ല. പലതവണ അദ്ദേഹം മുംബൈയിലേക്ക് വണ്ടി കയറി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട് പിന്തുണ ഉറപ്പാക്കി. ഈ ധൈര്യത്തില്‍ നടത്തുന്ന പ്രസ്താവനകളെല്ലാം അവതാളത്തിലാകുമെന്നാണ് വിവരം. കുട്ടനാട് തനിക്ക് വേണ്ടെന്നും അത് തോമസ് ചാണ്ടിയുടെ സഹോദരന് കൈമാറുമെന്നും മാണി സി കാപ്പന്‍ ആവര്‍ത്തിക്കുന്നു.


കുട്ടനാട്ടിലേക്ക് പോകൂ, രാജ്യസഭാ അംഗത്വം തരാം തുടങ്ങിയ ഇടതുമുന്നണിയുടെ നിര്‍ദേശങ്ങളൊന്നും മാണി സി കാപ്പന്റെ മനസ് മാറ്റിയിട്ടില്ല. എനിക്ക് പാലാ മതി എന്ന ഒറ്റ വാക്കിലാണ് അദ്ദേഹം. സംസ്ഥാന-ദേശീയ അധ്യക്ഷന്‍മാര്‍ കാപ്പനൊപ്പം നില്‍ക്കുന്നതാണ് ശശീന്ദ്രന് വിഷമം. എന്‍സിപിയില്‍ ഭിന്നത വന്നാല്‍ എല്‍ഡിഎഫില്‍ പരിഗണന കുറയുമെന്ന് ശശീന്ദ്രന്‍ ആശങ്കപ്പെടുതുന്നു.


എന്‍സിപി ഇടതുമുന്നണി വിട്ടാല്‍ ശശീന്ദ്രന് എലത്തൂര്‍ കിട്ടാന്‍ സാധ്യതയില്ല. കഴിഞ്ഞ തവണ 29000 വോട്ടുകള്‍ക്കാണ് ശശീന്ദ്രന്‍ ഇവിടെ ജയിച്ചത്. യുഡിഎഫിലെ കിഷന്‍ ചന്ദിനെ നിലംപരിശാക്കിയായിരുന്നു ശശീന്ദ്രന്റെ വിജയം. 2011ല്‍ ഇവിടെ ശശീന്ദ്രന്‍ ജയിച്ചത് 14654 വോട്ടുകള്‍ക്കാണ്. അന്ന് തോറ്റത് എസ്‌ജെഡിയിലെ ഷേക്ക് പി ഹാരിസ്.


എലത്തൂരില്‍ യൂഡിഎഫ് മല്‍സരിപ്പിക്കാന്‍ സാധ്യത കല്‍പ്പിക്കുന്നവര്‍ മൂന്ന് പേരുണ്ട്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യുവി ദിനേശ് മണി. ഇദ്ദേഹം പഴയ എന്‍സിപി നേതാവാണ്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ കിടാവ്, മറ്റൊരു കോണ്‍ഗ്രസ് നേതാവായ നികേഷ് അരവിന്ദന്‍ എന്നിവരാണ് പട്ടികയില്‍. ശശീന്ദ്രനല്ലെങ്കില്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമറിയാന്‍ ഇനിയും കാത്തിരിക്കണം.


മന്ത്രി ഇപി ജയരാജന്‍ എന്‍സിപിയുടെ കാര്യത്തില്‍ ആത്മവിശ്വാസത്തിലാണ്. മാണി സി കാപ്പനും എന്‍സിപിയും ഇടതുമുന്നണി വിടില്ലെന്ന് അദ്ദേഹം പറയുന്നു. പാലാ സീറ്റ് ഇടതമുന്നണിയില്‍ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്ന് യുഡിഎഫ് കരുതുന്നു. അതുവഴി ഒരു വിഭാഗം എല്‍ഡിഎഫ് വിടുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാല്‍ എല്‍ഡിഎഫിന് പരിഹരിക്കാന്‍ ഒരു പാലായേ ഉള്ളൂ, യുഡിഎഫിന് നിരവധി തടസങ്ങള്‍ മറികടക്കേണ്ടതുണ്ട് എന്നതാണ് സത്യം.

No comments