തോറ്റതെങ്ങനെയെന്ന് സ്ഥാനാര്‍ത്ഥികളോട് കോണ്‍ഗ്രസ്..!! തോറ്റ സ്ഥാനാര്‍ത്ഥികളും ഡിസിസി അധ്യക്ഷന്‍മാരും തോല്‍വിയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം.. കാലുവാരികളുടെ പേരു സഹിതം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം.. കെപിസിസി പ്രസിഡന്റും തോല്‍വിക്ക് ഉത്തരവാദിയെന്ന് സ്ഥാനാര്‍ത്ഥികള്‍..!!
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗം 18,19 തീയതികളില്‍ ചേരാനിരിക്കെ സ്ഥാനാര്‍ത്ഥികളില്‍ നിന്നും റിപ്പോര്‍ട്ട് തേടി കെപിസിസി. പരാജിതരായ സ്ഥാനാര്‍ത്ഥികളില്‍ നിന്നും ഡിസിസി പ്രസിഡന്റുമാരില്‍ നിന്നുമാണ് റിപ്പോര്‍ട്ട് തേടിയത്. ഇതു രാഷ്ട്രീയകാര്യ സമിതി വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കുന്നത്.
ഓരോ നിയോജക മണ്ഡലത്തിലും ഉണ്ടായ പരാജയ കാരണങ്ങള്‍അവലോകനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദേശം. പ്രത്യക്ഷവും പരോക്ഷവുമായ പൊതു കാരണങ്ങള്‍, അടിയൊഴുക്കുകള്‍, ഒളിഞ്ഞും തെളിഞ്ഞും വ്യക്തികളുടെയോ, പ്രസ്ഥാനങ്ങളുടെയോ പ്രവര്‍ത്തനങ്ങള്‍, സംഘടനാ വീഴ്ച എന്നീകാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്.
സ്ഥാനാര്‍ത്ഥികളും ഡിസിസി പ്രസിഡന്റുമാരും റിപ്പോര്‍ട്ട് ഈ മാസം 14നകം കെപിസിസിക്ക് നല്‍കണമെന്നാണ് നിര്‍ദേശം. 95 സീറ്റില്‍ ഇത്തവണ മത്സരിച്ച കോണ്‍ഗ്രസിന് 21 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. 74 പരാജിതരായ സ്ഥാനാര്‍ത്ഥികള്‍ക്കും തങ്ങളുടെ വിലയിരുത്തല്‍ നല്‍കാനാകും.
അതേസമയം ഈ റിപ്പോര്‍ട്ട് വാങ്ങി കെപിസിസി എന്തുചെയ്യുമെന്നാണ് പ്രധാന ചോദ്യം. കെപിസിസി അധ്യക്ഷനടക്കമുള്ള നേതാക്കളുടെ എതിരെയാകും പല മണ്ഡലങ്ങളിലെയും റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥികളെ ഒരിക്കലെങ്കിലും ഫോണ്‍ വിളിച്ചുപോലും കാര്യങ്ങള്‍ തിരക്കാന്‍ കെപിസിസി പ്രസിഡന്റ് തയ്യാറാകാതിരുന്ന സാഹചര്യങ്ങളുണ്ട്.
കെപിസിസി അധ്യക്ഷന്‍ പ്രചാരണത്തിനെത്താത്ത മണ്ഡലങ്ങള്‍, സീറ്റ് കിട്ടാത്ത കെപിസിസി ഭാരവാഹികളുടെ കാലുവാരല്‍, സംഘടനാ സംവീധാനമില്ലായ്മ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ 74 മണ്ഡലങ്ങളിലും പൊതുവായി കാണാനാകും. ഒപ്പം പ്രാദേശിക നേതാക്കള്‍ കാലുവാരിയെന്ന പരാതിയും ഉയരുന്നുണ്ട്.

No comments