രാഷ്ട്രീയകാര്യ സമിതി യോഗം ബഹിഷ്കരിക്കാന്‍ കെ മുരളീധരനെ പ്രേരിപ്പിച്ചത് മറ്റൊരു കാര്യം..
തിരുവനന്തപുരം: കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ശേഷം ചേര്‍ന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം കെ. മുരളീധരന്‍ ബഹിഷ്കരിച്ചു. യോഗത്തിന് മുമ്ബായി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തതില്‍ പ്രതിഷേധിച്ചാണ് മുരളീധരന്‍ വിട്ടുനിന്നത്. യോഗത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്.
വൈകിട്ട് ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിന് മുമ്ബായി രാവിലെ പാര്‍ട്ടി പുന:സംഘടനയെപ്പറ്റി ആലോചിക്കാന്‍ കെ.പി.സി.സി ആസ്ഥാനത്ത് സുധാകരന്റെ സാന്നിദ്ധ്യത്തില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്മാരില്‍ ഒരാളും രാഷ്ട്രീയകാര്യസമിതിയിലില്ലാത്ത രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരും പങ്കെടുത്ത കൂടിയാലോചനയില്‍ മുരളീധരനെ ക്ഷണിച്ചില്ല.
ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. കൂടിയാലോചനകള്‍ നടത്തി ധാരണയിലെത്തിയ ശേഷം അതിന് അംഗീകാരം നല്‍കാന്‍ മാത്രമായി രാഷ്ട്രീയകാര്യസമിതി ചേര്‍ന്നാല്‍ അതില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുരളി അടുപ്പമുള്ളവരോട് പങ്കുവച്ചതായി സൂചനയുണ്ട്.


No comments