എന്‍ഡിഎക്കെതിരായ ഏത് ദേശീയ സഖ്യത്തിന്റെയും നെടും തൂണ്‍ കോണ്‍ഗ്രസായിരിക്കണം: തേജസ്വി യാദവ്.. പവാറിന്റെ നീക്കത്തിന് തിരിച്ചടി..!! ശിവസേനയും ഡിഎംകെയും..
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്കെതിരായ ഏത് ദേശീയ സഖ്യത്തിന്റെയും നെടുംതൂണ്‍ കോണ്‍ഗ്രസായിരിക്കണമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ദിവസങ്ങള്‍ക്കുമുന്‍പ് കോണ്‍ഗ്രസ് പ്രതിനിധികളെ കൂടാതെ ശരത് പവാറിന്റെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും യോഗം ചര്‍ച്ചയായതിനോട് പ്രതികരിക്കുകയായിരുന്നു തേജസ്വി. ഇന്ത്യയൊട്ടുക്കും സാന്നിധ്യമുള്ള ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
200ലേറെ ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിയുമായി നേര്‍ക്കുനേരാണ് ഏറ്റുമുട്ടുന്നത്. അവിടങ്ങളില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കണം.
മറ്റു മണ്ഡലങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ ഡ്രൈവിങ് സീറ്റില്‍ തുടരാന്‍ അനുവദിക്കുകയും വേണം. ശരത് പവാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എന്താണ് നടന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ വിഭജിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഏകാധിപത്യ, ഫാസിസ്റ്റ് സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ പൊതുമിനിമം അജണ്ടയുമായി മുഴുവന്‍ സമാനമനസ്‌കരായ കക്ഷികളും ഒന്നിക്കണം. രാജ്യം വിഭജിക്കപ്പെടുമോ അതോ രക്ഷപ്പെടുമോ എന്ന കാര്യം 2014ലെ തെരഞ്ഞെടുപ്പ് തീരുമാനിക്കുമെന്ന് അന്നുതന്നെ ലാലുജി മുന്നറിയിപ്പ് നല്‍കിയതാണ്. ഇന്നിപ്പോള്‍ രാജ്യത്തെ ഭൂരിഭാഗം പാര്‍ട്ടികളും പൗരന്മാരും മുന്‍പെന്നത്തെക്കാളും ഇക്കാര്യം തിരിച്ചറിഞ്ഞിരിക്കുകയാണ്-തേജസ്വി ചൂണ്ടിക്കാട്ടി.

No comments