സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ബി.ജെ.പി അക്രമം: മോദിയെ കാണാനൊരുങ്ങി ഇടതു മുന്നണി.. രക്ഷിക്കണമെന്ന്..
അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നേതാക്കള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദര്‍ശിക്കും.
സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബും അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് മുന്‍ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് ഭരണകക്ഷിയുടെ പാവയായി മാറി. നിയമലംഘകര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിനെയും ഗവര്‍ണര്‍ രമേശ് ബെയ്‌സിനെയും സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇതവസാനിപ്പിക്കാന്‍ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പ് നല്‍കിയെങ്കിലും അതല്ലൊം പാഴ്വാക്കായതായി മണിക് സര്‍ക്കാര്‍ പറഞ്ഞു.
"2019 ജൂണ്‍ 28 മുതല്‍ 2021 ജൂണ്‍ 25 വരെ രണ്ട് വര്‍ഷത്തിനിടെ ഒമ്ബത് ആള്‍ക്കൂട്ട കൂട്ടക്കൊല, കസ്റ്റഡി മരണങ്ങള്‍ എന്നിവ സംസ്ഥാനത്തുടനീളം നടന്നു. ഇത് ആശങ്കാജനകമാണ്. ഗവര്‍ണറെ അറിയിച്ചശേഷം സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ 60 ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്" -അദ്ദേഹം പറഞ്ഞു.
ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം ത്രിപുരയില്‍ സി.പി.എം റാലിക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആറുപേരുടെ നില ഗുരുതരമാണ്. പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്ന ഖൊവായ് ജില്ലയിലായിലുരുന്നു സംഭവം. പെട്രോള്‍ വിലവര്‍ധന അടക്കമുള്ള കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധ റാലിക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

No comments