62 എം.എല്‍.എമാരെ അണിനിരത്തി ശക്തി പ്രകടനം, മാപ്പു പറയില്ലെന്ന് സിദ്ദു,വിട്ടുവീഴ്ചയില്ലെന്ന് അമരീന്ദർ..
അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ പോര്‍വിളി നടത്തിയ കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ദുവിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി നിയമിച്ച് പാളയത്തിലെ പട ഒത്തുതീര്‍പ്പാക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം പാളി.
സംസ്ഥാന അദ്ധ്യക്ഷനായി സ്ഥാനമേറ്റതിന് പിന്നാലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ സിദ്ദു 62 കോണ്‍ഗ്രസ് എം.എല്‍.എമാരെ അണിനിരത്തിയത് ശക്തി പ്രകടനമായാണ് വിലയിരുത്തുന്നത്.
ഇതിന് തിരിച്ചടിയെന്നോണം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമായി ഇന്നലെ സംഘടിപ്പിച്ച വിരുന്നില്‍ സിദ്ദുവിനെ ക്ഷണിച്ചില്ല. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പരസ്യമായി മാപ്പ് പറയാതെ സിദ്ദുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് അമരീന്ദര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സിദ്ദു മാപ്പ് പറയില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
പഞ്ചാബില്‍ ഏറെ നാളായി തുടരുന്ന അമരീന്ദര്‍ -സിദ്ദു പോരിന് ഒത്തുതീര്‍പ്പെന്ന നിലയില്‍ ഞായറാഴ്ചയാണ് സിദ്ദുവിനെ പി.സി.സി അദ്ധ്യക്ഷനായി നിയമിച്ചത്. ഇതിനെ എതിര്‍ത്ത മുഖ്യമന്ത്രി അമരീന്ദറിന് പിന്തുണ അറിയിച്ച് പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരെത്തിയത് പാര്‍ട്ടി ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലായിരിക്കുകയാണ്.
ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ച കേസിലടക്കം നീതി ലഭിക്കുന്നത് വൈകുന്നതിലും 2015ലുണ്ടായ പൊലീസ് വെടിവയ്പ്പിലും അമരീന്ദറിനെതിരെ കടുത്ത ആരോപണങ്ങളാണ് സിദ്ദു സാമൂഹികമാദ്ധ്യമങ്ങളിലൂടെ ഉന്നയിച്ചത്.
പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി 77 കോണ്‍ഗ്രസ് എം.എല്‍.എമാരെയും സുവര്‍ണക്ഷേത്രത്തില്‍ ആദരവ് അര്‍പ്പിക്കാനായാണ് സിദ്ദു ക്ഷണിച്ചത്. അതില്‍ 62 പേര്‍ അമൃത്സറിലെ സിദ്ദുവിന്റെ വസതിയിലെത്തി.
കോണ്‍ഗ്രസിലെ പോരിനോട് പ്രതികരിച്ച് ബി.ജെ.പിയും രംഗത്തെത്തി. 'കളി തുടങ്ങി. സിദ്ദു-62, ക്യാപ്ടന്‍- 15' എന്ന് ബി.ജെ.പി ദേശീയ വക്താവ് ആര്‍.പി. സിംഗ് ട്വീറ്റ് ചെയ്തു. എന്നാലിതിനോട് അമരീന്ദര്‍ പ്രതികരിച്ചിട്ടില്ല.

No comments