തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു..!! സുഹൃദ് ബന്ധങ്ങള്‍ ഉപേക്ഷിക്കാനാകില്ലെന്ന് കെ വി തോമസ്..!! ആ 5 മണ്ഡലങ്ങളില് ഒന്നിൽ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ്. യുഡിഎഫ് തോല്‍ക്കാന്‍ ഇടയുള്ള അഞ്ച് സീറ്റ് ചൂണ്ടിക്കാട്ടാം, അതില്‍ ഒരു സീറ്റില്‍ മത്സരിക്കാന്‍ തയാറാണ് എന്നാണു താന്‍ പറഞ്ഞതെന്നും എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍നിന്നും അനുകൂലമായ പ്രതികരണമല്ല ഉണ്ടായതെന്നും കെ വി തോമസ് പറഞ്ഞു. നേതൃത്വത്തിനു താല്‍പര്യമില്ലെന്നു മനസ്സിലായതോടെ പിന്നാലെ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള മനോരമ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് സുജിത് നായരോട് ക്രോസ്ഫയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നില്‍ രാഹുല്‍ഗാന്ധിയുടെ എതിര്‍പ്പല്ലെന്നും കേരളത്തില്‍നിന്നുള്ള നേതാക്കളാണ് എതിര്‍ത്തതെന്നും താന്‍ മനസിലാക്കിയതെന്നും കെ വി തോമസ് പറഞ്ഞു.
ഞാന്‍ ഇനി പാര്‍ലമെന്റിലേക്ക് പോകരുത് എന്ന് ചിലര്‍ നേരത്തേ നിശ്ചയിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഞാനും ആ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് അവര്‍ കരുതി. അത് അനുവദിക്കരുത് എന്നു തീരുമാനിച്ചു. മോദിയെ പുകഴ്ത്തി പ്രസംഗിച്ചു എന്ന വാര്‍ത്ത അടക്കം അതിന്റെ ഭാഗമായിരുന്നു. എനിക്ക് പ്രായമായി എന്ന വാദവും ഉയര്‍ത്തി. 73 വയസ്സായ എന്നേക്കാള്‍ പ്രായമുള്ളവര്‍ ഇവിടെ മത്സരിച്ചു, പല പദവികളും നിര്‍വഹിക്കുന്നു. എന്റെ കാര്യം വരുമ്ബോഴാണ് പ്രശ്‌നം. സോഷ്യല്‍ മീഡിയിലൂടെയാണ് വലിയ ആക്രമണം നേരിട്ടത്.
ഒരു സന്ദര്‍ഭത്തിലും കോണ്‍ഗ്രസ് വിടാന്‍ താന്‍ ആലോചിച്ചിട്ടില്ലയെന്നും കെ വി തോമസ് പറഞ്ഞു. ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപമാനിക്കപ്പെടുന്നതിന്റെ വേദന ഉണ്ടായി. 2018ല്‍ കൊച്ചിയില്‍ ഒരു മാനേജ്‌മെന്റ് സമ്മേളനത്തില്‍ ഞാന്‍ നടത്തിയ പ്രസംഗം വലിയ വിവാദമാക്കി. 'ഔവര്‍ പ്രൈം മിനിസ്റ്റര്‍ ഈസ് എ ബാഡ് പ്രൈം മിനിസ്റ്റര്‍ ബട് എ ഗുഡ് മാനേജര്‍' എന്നാണു ഞാന്‍ പ്രസംഗിച്ചത്. ഒരു മാനേജ്‌മെന്റ് സമ്മേളനത്തില്‍ മുന്നോട്ടു വച്ച ഉദാഹരണം മാത്രമായിരുന്നു അത്. നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയാണ് എന്നു ഞാന്‍ പ്രസംഗിച്ചുവെന്ന രീതിയില്‍ പരാതിയായി ചിലര്‍ അതു ഡല്‍ഹിയില്‍ എത്തിച്ചു. ഒരു ഗൂഢാലോചന അതില്‍ നടന്നു. അങ്ങനെ ഗൂഢാലോചന നടത്തി ഒന്നും മാറ്റേണ്ട, ഞാന്‍ മാറിയേക്കാമെന്ന് അന്നേ പറഞ്ഞു. കോണ്‍ഗ്രസ് എന്നെ എല്‍പ്പിച്ച എല്ലാ ചുമതലകളും ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. 1985ല്‍ ഡിസിസി പ്രസിഡന്റാകുമ്ബോള്‍ എറണാകുളത്തെ 14 സീറ്റില്‍ യുഡിഎഫിന് മൂന്നു സീറ്റേ ഉള്ളൂ. 2001ല്‍ വി.ജെ.പൗലോസിനെ ഡിസിസി പ്രസിഡന്റ് സ്ഥാനം ഏല്‍പിച്ചു മാറുമ്ബോള്‍ 14ല്‍ 13 സീറ്റും യുഡിഎഫിനായിരുന്നു. കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായി നല്ല പ്രവര്‍ത്തനം കാഴ്ചവച്ചു. തിരഞ്ഞെടുപ്പില്‍ മാറി നിന്നോളാം, പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു പദവി തരണമെന്ന് പറഞ്ഞപ്പോഴെല്ലാം എറണാകുളത്ത് മാഷ് അല്ലാതെ മറ്റാര് എന്നാണ് ഈ നേതാക്കള്‍ എന്നോടു ചോദിച്ചത്. ഒടുവില്‍ സ്ഥാനാര്‍ഥി അല്ലെന്ന് ടിവിയിലൂടെ അറിയേണ്ടി വന്നു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. രണ്ടു വര്‍ഷം കാത്തിരുന്നിട്ടും ഒരു പരിഗണനയും ഉണ്ടായില്ല. അതുകൊണ്ട് സോണിയാഗാന്ധിക്ക് അയച്ച ഒരു കത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ ആലോചിച്ചു. അതിനു വേണ്ടിയാണ് അന്നു വാര്‍ത്താസമ്മേളനം വിളിച്ചത്. ആ കത്തില്‍ രാഷ്ട്രീയ പ്രശ്‌നങ്ങളായിരുന്നു കൂടുതലും. സോണിയാജി വിളിച്ചു സംസാരിച്ചത് ഈ സമയത്താണ്. അവര്‍ പറഞ്ഞത് അതേ പടി അനുസരിച്ചു.
ബിജെപി, സിപിഎം നേതാക്കളുമായി നല്ല സൗഹൃദമുള്ളയാളാണ് കെ വി തോമസ്.പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കഴിഞ്ഞ ദിവസവും ഞാന്‍ ഡല്‍ഹിയില്‍ വച്ചു കണ്ടു. പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ടിവിആര്‍ ഷേണായി എന്റെ വളരെ അടുത്ത സ്‌നേഹിതനായിരുന്നു. അദ്ദേഹത്തിന് ആര്‍എസ്‌എസ് ബന്ധമുണ്ട് എന്നു കരുതി ഞാന്‍ ആര്‍എസ്‌എസ് ആണോ? എന്റെ ബന്ധങ്ങള്‍ എനിക്ക് ഉപേക്ഷിക്കാന്‍ സാധിക്കില്ല. ഞാന്‍ ആരെയും രാത്രിയില്‍ തലയില്‍ മുണ്ടിട്ടു കാണാറില്ല. പകല്‍ തന്നെയാണ് കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധത്തിലാണ്. അത് ഇപ്പോള്‍ തുടങ്ങിയതല്ല. നേരത്തേ മുതലുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയായശേഷം നാട്ടിലെ പല പ്രശ്‌നങ്ങളും ശ്രദ്ധയില്‍ പെടുത്താറുണ്ട്. അത് അദ്ദേഹം ഗൗരവത്തോടെ എടുക്കുകയും പരിഹരിക്കാന്‍ നോക്കുകയും ചെയ്യാറുണ്ട്. അതിന്റെ പേരില്‍ ദേശാഭിമാനിയില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടിന്റെ പേരില്‍ വരെ ചിലര്‍ എനിക്കെതിരെ തിരിഞ്ഞു. എല്ലാ പത്രങ്ങളിലും അതേ വാര്‍ത്തയുണ്ട്. ദേശാഭിമാനിയില്‍ തലക്കെട്ട് ഇടുന്നത് ഞാനാണോ?- കെ വി തോമസ് ചോദിക്കുന്നു. തനിക്ക് സുഹൃദ് ബന്ധങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ല. അതിന് അര്‍ഥം ഞാന്‍ കോണ്‍ഗ്രസ് വിട്ടു പോകാന്‍ അവരുമായെല്ലാം ആലോചിക്കുന്നുവെന്നല്ലയെന്നും ആ വ്യത്യാസം മനസ്സിലാക്കണമെന്നും കെ വി തോമസ് പറഞ്ഞു.

No comments