'ഹരിത' മുന്‍ ഭാരവാഹികളെ സി.പി.എമ്മിലേക്ക് അടുപ്പിക്കാന്‍ കണ്ണൂരിൽ നിന്നുള്ള പ്രമുഖ വനിത നേതാക്കളുടെ നേതൃത്വത്തില്‍ നീക്കം..
മുസ്ലിം ലീഗ് നേതൃത്വം പിരിച്ചുവിട്ട 'ഹരിത' സംസ്ഥാന കമ്മിറ്റിയിലെ ഭാരവാഹികളെ സി.പി.എമ്മിലേക്ക് അടുപ്പിക്കാന്‍ ശ്രമം.
കണ്ണൂര്‍ ജില്ലക്കാരായ മുതിര്‍ന്ന സി.പി.എം വനിത നേതാക്കളാണ് ഇവരുമായി ആശയവിനിമയം നടത്തിയത്. പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നറിയുന്നു. 'ഹരിത'യിലെ പ്രശ്നങ്ങള്‍ പുറത്തുവന്ന നാളുകളില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഭാരവാഹികളെ സംഘടനയിലേക്ക് സ്വാഗതം ചെയ്തിരുന്നു. 'ഹരിത' സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതോടെയാണ് സി.പി.എം ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്.
എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റായിരുന്ന ഫാത്തിമ തഹ്ലിയ ലീഗ് വിടുന്നത് സംബന്ധിച്ച് നേരേത്തതന്നെ ഊഹാപോഹങ്ങളുണ്ടായിരുന്നു. ഭാരവാഹി സ്ഥാനത്തുനിന്ന് മാറ്റിയതോടെ ഇത് സജീവമായെങ്കിലും പാര്‍ട്ടി മാറുന്ന കാര്യം അവര്‍ നിഷേധിച്ചു. സുരേഷ് ഗോപി എം.പി ബി.ജെ.പിയിലേക്കും ക്ഷണിച്ചു. ഇതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് സി.പി.എം വനിത നേതാക്കള്‍ നടപടിക്ക് വിധേയമായ ഹരിത കമ്മിറ്റിയിലെ ഭാരവാഹികളെ വിളിക്കുകയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തത്.
ലീഗ് വിട്ട് മറ്റൊരു ഇടത്തേക്ക് പോവുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ലെന്ന് ഹരിത മുന്‍ സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നിയും ജനറല്‍ സെക്രട്ടറിയായിരുന്ന നജ്മ തബ്ഷീറയും വ്യക്തമാക്കിയിട്ടുണ്ട്. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കൂടിയായ നജ്മ, കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ എ.എ. റഹീമിനെ വിമര്‍ശിച്ചത് ലീഗ് കേന്ദ്രങ്ങള്‍ക്കും ആവേശമായി. പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ വനിത കൂട്ടായ്മ രൂപവത്കരിക്കാനുള്ള ശ്രമങ്ങളാണ് മുന്‍ ഹരിത ഭാരവാഹികള്‍ നടത്തുന്നത്. ലീഗിലെ ചില മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ഇവര്‍ക്കുണ്ട്.

No comments