സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവേ ഔദ്യോഗിക ചേരിയും എ, ഐ ഗ്രൂപ്പുകളുടെ സംയുക്ത ചേരിയും കരു നീക്കങ്ങള്‍ ശക്തമാക്കിയത് സംസ്ഥാന കോണ്‍ഗ്രസിനെ വീണ്ടും അസ്വസ്ഥമാക്കുന്നു.
സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവേ ഔദ്യോഗിക ചേരിയും എ, ഐ ഗ്രൂപ്പുകളുടെ സംയുക്ത ചേരിയും കരുനീക്കങ്ങള്‍ ശക്തമാക്കിയത് സംസ്ഥാന കോണ്‍ഗ്രസിനെ വീണ്ടും അസ്വസ്ഥമാക്കുന്നു.
കെ.പി.സി.സി പുന:സംഘടനയ്ക്ക് ശേഷം ശമിച്ചെന്ന് കരുതിയ സംഘര്‍ഷാന്തരീക്ഷമാണ് പല ജില്ലകളിലും ശക്തിപരീക്ഷണങ്ങളെ തുടര്‍ന്ന് മുറുകുന്നത്. കുറേക്കൂടി സംഘടിത സ്വഭാവമുള്ള എ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കാന്‍ ഔദ്യോഗിക നേതൃത്വം ശ്രമിക്കുന്നതിന്റെ സൂചനയാണ് ഇന്നലെ കോഴിക്കോട്ട് വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖിന്റെ അനുകൂലികളെന്ന് കരുതുന്നവര്‍ വിളിച്ച ഗ്രൂപ്പ് യോഗം. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. എ ഗ്രൂപ്പിലെ പ്രബലവിഭാഗത്തെ ഇരുട്ടില്‍ നിറുത്തിയായിരുന്നു യോഗം.
തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവുമടുത്ത അനുയായിയായ മുന്‍ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫിനെ സസ്പെന്‍ഡ് ചെയ്തതും തലസ്ഥാനത്തെ ഗ്രൂപ്പിന്റെ കെട്ടുറപ്പില്‍ വിള്ളല്‍ വീഴ്‌ത്താനാണെന്നാണ് ആക്ഷേപം. പാലോട് രവിയെ ഡി.സി.സി പ്രസിഡന്റാക്കുകയും എന്‍. ശക്തനെ കെ.പി.സി.സി ഭാരവാഹിയാക്കുകയും ചെയ്യുക വഴി പ്രമുഖരെ അടര്‍ത്തിമാറ്റാന്‍ ഔദ്യോഗിക നേതൃത്വത്തിനായി. ഐ വിഭാഗത്തില്‍ രമേശ് ചെന്നിത്തലയുടെ ഉറ്റ അനുയായികളായിരുന്ന പലരും ഔദ്യോഗിക ചേരിയിലേക്ക് മാറിക്കഴിഞ്ഞു. ഇരുഗ്രൂപ്പുകളെയും ശിഥിലമാക്കി കാര്യങ്ങള്‍ അനുകൂലമാക്കുകയാണ് നേതൃത്വത്തിന്റെ തന്ത്രം. അവശേഷിക്കുന്ന പുനഃസംഘടന ബ്ലോക്ക് തലം വരെ പൂര്‍ത്തിയാക്കുന്നതോടെ നേതൃത്വത്തിന് സമ്ബൂര്‍ണ കരുത്തോടെ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടക്കാമെന്നാണ് കണക്കുകൂട്ടല്‍.
ഇതില്‍ അസ്വസ്ഥരായ ഗ്രൂപ്പ് നേതൃത്വങ്ങള്‍ പുനഃസംഘടനാ നീക്കങ്ങളെ സംഘടിതമായി നേരിടാനാണ് ശ്രമിക്കുന്നത്. ഹൈക്കമാന്‍ഡിന് നേരിട്ട് പരാതി നല്‍കാനാണ് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നീക്കം. എന്നാല്‍, സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ആശീര്‍വാദത്തോടെയുള്ള സംസ്ഥാനനേതൃത്വത്തിന്റെ നീക്കങ്ങളെ എത്രമാത്രം പ്രതിരോധിക്കാനാകുമെന്ന ചോദ്യം ഗ്രൂപ്പുകളെ അലട്ടുന്നുമുണ്ട്.
സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം അരുതാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. കെ.പി.സി.സി പ്രസിഡന്റ് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതും അദ്ദേഹത്തിന്റെ ഏകപക്ഷീയമായ നടപടികളും അംഗീകരിക്കില്ലെന്നാണ് നിലപാട്. അതിനാലാണ് പുതിയ നേതൃത്വത്തെ തോല്പിക്കാന്‍ ജില്ലകളില്‍ ഗ്രൂപ്പുകള്‍ രഹസ്യയോഗങ്ങള്‍ വിളിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പുനഃസംഘടനയെന്നാണ് ഗ്രൂപ്പുകളുടെ ആരോപണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പുനഃസംഘടന നടത്തുന്നത് നീതീകരിക്കാനാവില്ല. വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി പ്രസിഡന്റുമായി പരസ്യമായി ഇടഞ്ഞുനില്‍ക്കുന്നതും പാര്‍ട്ടിയിലെ അസ്വസ്ഥതയ്ക്ക് തെളിവായി ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കാട്ടുന്നു.
No comments