എല്ലാറ്റിനും മുകളില്‍ ജ്വലിച്ച ചെന്താരകം..!! ഗ്രൂപ്പില്ലാ കോണ്‍ഗ്രസ്...!! 2021ലെ രാഷ്ട്രീയ കേരളം..!! പിണറായിക്കും സുധാകരനും...
പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തിന് അന്ത്യം കുറിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരമേറിയതാണ് കേരള രാഷ്ട്രീയത്തില്‍ ഈ വര്‍ഷത്തെ സവിശേഷമാക്കുന്നത്.
അങ്ങോട്ടുമിങ്ങോട്ടും അഞ്ചു വര്‍ഷമെന്ന രാഷ്ട്രീയ സമവാക്യം തിരുത്തിക്കുറിച്ചാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും ഭരണച്ചെങ്കോലേന്തിയത്. പ്രചാരണത്തിനും ഭരണത്തിനും ഒരുപോലെ നേതൃത്വം നല്‍കിയ പിണറായി വിജയന്‍ മറ്റു നേതാക്കള്‍ക്കിടയില്‍ ശോഭയോടെ ജ്വലിച്ചു നിന്നു. എന്നാല്‍ പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം, ബന്ധു നിയമനം, മരംമുറി വിവാദം, എ.കെ ശശീന്ദ്രന്‍റെ ഫോണ്‍ വിളി, ദത്തു വിവാദം തുടങ്ങിയവ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.
പ്രതിപക്ഷത്തെ പ്രധാനകക്ഷിയായ കോണ്‍ഗ്രസിന്റെ ചെങ്കോല്‍ ഗ്രൂപ്പ് 'രഹിത' നേതൃത്വം ഏറ്റെടുക്കുന്ന കാഴ്ചയും കണ്ടു. സെമി കേഡര്‍ പാര്‍ട്ടിയെന്ന ലക്ഷ്യത്തിലേക്ക് വിസ്മയകരമായി കോണ്‍ഗ്രസ് ചുവടു വയ്ക്കുകയും ചെയ്യുന്നു. പ്രമുഖര്‍ പാര്‍ട്ടി വിടുന്നതും കൂടു മാറുന്നതും കണ്ടു. നാര്‍ക്കോട്ടിക് ജിഹാദും ഹലാല്‍ വിവാദവും രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് എണ്ണ പകര്‍ന്നപ്പോള്‍ കുഴല്‍പ്പണക്കേസും കോഴക്കേസും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കി. ഒടുക്കം രാഷ്ട്രീയ പകപ്പോക്കലിന്‍റെ പേരില്‍ ചോര ചീന്തിയ നാളുകളോടെയാണ് 2021 പര്യവസാനിക്കുന്നത്.
എണ്‍പതുകള്‍ മുതലാരംഭിച്ച എല്‍.ഡി.എഫ്, യു.ഡി.എഫ് സംജ്ഞ മുന്നണി രാഷ്ട്രീയത്തില്‍ സമ്ബൂര്‍ണമായതോടെ അഞ്ച് വര്‍ഷം കൂടുമ്ബോഴുള്ള ഭരണമാറ്റം ഏതാണ്ടൊരു ആചാരം പോലെയാണ് കേരള ജനത പരിചയിച്ചത്. ഈ രാഷ്ട്രീയ പാരമ്ബര്യത്തെ തച്ചുടച്ച് പിണറായി വിജയന്‍ മിന്നല്‍പ്പിണറായി മാറുന്നതാണ് 2021ന്‍റെ ആദ്യ പകുതി കണ്ടത്. രണ്ട് പ്രളയങ്ങളും നിപ്പയും കൊറോണയുമൊക്കെ സൃഷ്ടിച്ച പ്രതിസന്ധി സര്‍ക്കാര്‍ അവസരമാക്കി മാറ്റി. മന്ത്രിസഭയില്‍ മുഴുവന്‍ പുതുമുഖങ്ങളെത്തിയതോടെ സി.പി.എം തലപ്പത്തെ തലമുറമാറ്റവും സംസാരവിഷയമായി. അതേസമയം, കെ.കെ ശൈലജയെപ്പോലെ ജനപ്രിയ മുഖങ്ങള്‍ ഇടം പിടിക്കാതെ പോയത് വാര്‍ത്തയായി.
അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവിലാണ് കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്ത് ഹൈക്കമാന്‍റ് പ്രഖ്യാപനം വരുന്നത്. എ- ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയര്‍ നേതാക്കളേയും മറികടന്നാണ് കെ. സുധാകരന്‍ കെ.പി.സി.സി തലപ്പത്തെത്തിയത്. സുധാകരന്റെ കണ്ണൂര്‍ ശൈലി കോണ്‍ഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിന്. കോണ്‍ഗ്രസ് നിലയില്ലാക്കയത്തില്‍ മുങ്ങുമ്ബോഴാണ്, കൈയത്തും ദൂരത്ത് പല തവണ അകന്നുപോയ പദവിയിലേക്ക് കെ സുധാകരന്‍ എത്തുന്നു എന്നതായിരുന്നു ഏറ്റവും ശ്രദ്ധേയം. കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുമെന്ന് പ്രഖ്യാപനങ്ങളും സുധാകരന്‍റെ രംഗപ്രവേശത്തോടെയുണ്ടായി
No comments