Breaking News

മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല.. പാര്‍ട്ടി ഓഫിസിന് മുമ്പില്‍ പാര്‍ട്ടി നേതാവിന്റെ ആത്മഹത്യ ശ്രമം..

 


ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച്‌ സമാജ്‍വാദി പാര്‍ട്ടി നേതാവ്.

ഞായറാഴ്ച രാവിലെ ലഖ്നോ വിക്രമാദിത്യ മാര്‍ഗിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുമ്ബിലെത്തിയായിരുന്നു ആത്മഹത്യ ശ്രമം.

അലിഗഡിലെ സമാജ്‍വാദിയുടെ മുഖമായ ആദിത്യ താക്കൂറാണ് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചത്. പാര്‍ട്ടി ഓഫിസിന് മുമ്ബിലെത്തിയശേഷം പെട്രോള്‍ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് തീകൊളുത്താനും ശ്രമം നടത്തി. എന്നാല്‍, അനുയായികളും പൊലീസും ചേര്‍ന്ന് ആദിത്യയെ പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്തുവന്നാലും ഇവിടെവെച്ച്‌ തന്റെ ജീവന്‍ കളയുമെന്നും അറസ്റ്റ് ചെയ്താലും തന്നെ തടയാന്‍ കഴിയില്ലെന്നും ആദിത്യ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ ടിക്കറ്റ് പാര്‍ട്ടി തട്ടിയെടുത്ത് പുറത്തുനിന്നുള്ളവര്‍ക്ക് നല്‍കിയെന്നും തനിക്ക് യാതൊരു ക്രിമിനല്‍ റെക്കോഡില്ലെന്നും എന്നിട്ടും പാര്‍ട്ടി മത്സരിക്കാന്‍ അവസരം നല്‍കിയില്ലെന്നും ആദിത്യ വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

യു.പി തെരഞ്ഞെടുപ്പില്‍ ഛരാ മണ്ഡലത്തില്‍നിന്ന് ആദിത്യ താക്കൂറിനെ മത്സരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, സ്ഥാനാര്‍ഥി പട്ടികയില്‍ ആദിത്യയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.

യു.പി തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ജനുവരി 13ന് എസ്.പി പുറത്തിറക്കിയിരുന്നു. 29 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇതില്‍ 10 സീറ്റുകളില്‍ എസ്.പിയും 19 സീറ്റുകളില്‍ സഖ്യകക്ഷിയായ രാഷ്ട്രീയ ​ലോക് ദളും മത്സരിക്കും.

No comments