Breaking News

രാഹുല്‍ ഗാന്ധിയുടെ നയത്തിന്റെ അടിസ്ഥാനത്തിലാണോ കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ ഒതുക്കിയതെന്ന് കോടിയേരി ബാലകൃഷ്ണൻ..

 


ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്നുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഏറ്റവും വലിയ വര്‍ഗീയതയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുല്‍ ഗാന്ധിയുടെ നയമാണോ എന്നും കോടിയേരി ചോദിച്ചു.

'രാഹുല്‍ ഗാന്ധി പറഞ്ഞതിനെ ശക്തമായി എതിര്‍ക്കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസിന് സാധിക്കുന്നില്ല. രാഹുലിന്റെ നിലപാട് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ നിലപാടിന് അനുകൂലമാണ്. രാഹുലിന്റെ പ്രസംഗത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാണോ എന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസിന് മതേതര മുഖം നഷ്ടമായി. ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടി ന്യൂനപക്ഷ നേതാക്കളെ തഴഞ്ഞു. നേതാക്കളായി ആര് വരണമെന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്'- കോടിയേരി പറഞ്ഞു.

'കേരളത്തിലെ കോണ്‍ഗ്രസിന് എല്ലാക്കാലത്തും മതേതരത്വം സ്ഥാപിക്കാന്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട നേതൃത്വനിരയുണ്ടായിരുന്നു. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ എല്‍ ജേക്കബിനെ കെ പി സി സി പ്രസിഡന്റാക്കിയിരുന്നു. എ കെ ആന്റണിയുടെ കാലത്ത് കെ മുരളീധരനായിരുന്നു കെ പി സി സി പ്രസിഡന്റ്. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ പി സി സി അദ്ധ്യക്ഷന്‍. മതേതരത്വം കാത്തുസൂക്ഷിക്കാനാണ് ഇത്തരത്തില്‍ പ്രാതിനിധ്യം കൊടുക്കുന്നതെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നത്. ഈ കീഴ്‌വഴക്കം ഇപ്പോള്‍ എന്തുകൊണ്ട് ലംഘിച്ചു? ഇതിന് കാരണം ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ നിലപാടാണ്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഇന്ത്യ ഹിന്ദുക്കളാണ് ഭരിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് പരസ്യമായാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെയെല്ലാം അവഗണിച്ച്‌ ഒതുക്കിവച്ചിരിക്കുയാണ്'- അദ്ദേഹം ആരോപിച്ചു.

ഗുലാം നബി ആസാദും സല്‍മാന്‍ ഖുര്‍ഷിദും കെ വി തോമസുമെല്ലാം എവിടെ? ഇവരെയെല്ലാം ഒതുക്കിവച്ചത് ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും കോടിയേരി പറഞ്ഞു. ഏത് വിഭാഗത്തില്‍പ്പെട്ട നേതാക്കളായാലും മതനിരപേക്ഷ നിലപാടുള്ളവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments