Breaking News

സിദ്ദുവിനെതിരെയുള്ള 33 വർഷം മുമ്പുള്ള കേസ്.. വീണ്ടും അന്വേഷണം..!! കേസ് ഇത്..

 


പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു പ്രതിയായ വാഹനാപകടക്കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

നോട്ടീസിന് രണ്ടാഴ്ച്ക്കുള്ളില്‍ സിദ്ദു മറുപടി നല്‍കണമെന്നും കെ.എം ഖാന്‍വില്‍ക്കര്‍, എസ്.കെ കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് അറിയിച്ചു. 1988ലെ റോഡപകടത്തില്‍ ഗുര്‍നാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കി 2018ല്‍ വന്ന വിധിയാണ് കോടതി പുനഃപരിശോധിക്കുക.

1988ല്‍ പട്യാലയില്‍ ഷേരന്‍വാല ഗേറ്റ് ക്രോസിങ്ങിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നവ്ജ്യോത് സിങ് സിദ്ദുവും സുഹൃത്ത് രൂപീന്ദര്‍ സിങ് സന്ധുവുമാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. ഇരുവരെയും കൊലപാതക കുറ്റത്തിന് ആദ്യം വിചാരണ ചെയ്തെങ്കിലും പിന്നീട് കുറ്റവിമുക്തരാക്കുകയായിരുന്നു. എന്നാല്‍, വിഷയം വീണ്ടും പരിഗണിച്ച പഞ്ചാബ്-ഹരിയാന കോടതി ഈ വിധി റദ്ദാക്കുകയും കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വമായ നരഹത്യക്ക് ഇരുവരെയും പ്രതി ചേര്‍ക്കുകയും മൂന്ന് വര്‍ഷം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു.

2018 മേയ് 15ന് കേസ് പരിഗണിച്ച സുപ്രീംകോടതി ഇരുവരെയും കുറ്റവിമുക്തരാക്കി വിധിയെഴുതുകയും ആയിരം രൂപ പിഴ ചുമത്തുകയും ചെയ്തു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഗുര്‍നാം സിങ്ങിന്‍റെ കുടുംബം നല്‍കിയ ഹരജിയിലാണ് പുതിയ നടപടി.

പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഗുര്‍നാം സിങ്ങിന്‍റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര ആവശ്യപ്പെട്ടു.

No comments