തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്.. ബി.ജെ.പി അവകാശ വാദം ചോദ്യം ചെയ്ത് കോണ്‍ഗ്രസ്.., അണ്ണാ ഡി.എം.കെ ക്യാമ്പില്‍ വൻ നിരാശ..
തമിഴ്നാട് നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയെന്ന ബി.ജെ.പി അവകാശവാദം ചോദ്യം ചെയ്ത് കോണ്‍ഗ്രസ്.
230 നഗര പഞ്ചായത്ത് വാര്‍ഡുകളിലും 56 നഗരസഭ വാര്‍ഡുകളിലും 22 കോര്പറേഷന് വാര്‍ഡുകളിലുമായി മൊത്തം 308 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ഈ സാഹചര്യത്തിലാണ് ഡി.എം.കെക്കും അണ്ണാ ഡി.എം.കെക്കും ശേഷം ബി.ജെ.പി ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി മാറിയെന്ന് പാര്‍ട്ടി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ അവകാശപ്പെട്ടത്. ചെന്നൈ കോര്‍പറേഷനില്‍ ഇരുപതോളം വാര്‍ഡുകളില്‍ ഡി.എം.കെക്കുപിന്നില് ബി.ജെ.പി രണ്ടാം സ്ഥാനത്താണെന്നും കോയമ്ബത്തൂരില്‍ ബി.ജെ.പി 15 ശതമാനം വോട്ട് നേടിയതായും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
എന്നാല്‍, അണ്ണാമലൈയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് തമിഴ്നാട് അധ്യക്ഷന്‍ കെ.എസ്. അഴഗിരി തിരിച്ചടിച്ചു. ചെന്നൈ കോര്‍പറേഷനിലെ 200 വാര്‍ഡുകളില്‍ ഒരിടത്ത് മാത്രമാണ് ബി.ജെ.പി വിജയിച്ചത്. അതേസമയം 16 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 13 ഇടങ്ങളില്‍ വിജയിച്ചു. മൊത്തം 73 കോര്പറേഷന് വാര്‍ഡുകളിലും 151 നഗരസഭ വാര്‍ഡുകളിലും 368 നഗര പഞ്ചായത്ത് വാര്‍ഡുകളിലുമായി മൊത്തം 592 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 2011ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാളും 0.7 ശതമാനം സീറ്റുകള്‍ മാത്രം ലഭിച്ച ബി.ജെ.പിക്ക് ഏറ്റവും വലിയ മൂന്നാം കക്ഷിയാണെന്ന് അവകാശപ്പെടാന്‍ അര്‍ഹതയില്ല. കോണ്‍ഗ്രസാണ് ഏറ്റവും വലിയ മൂന്നാം കക്ഷി. തമിഴ്നാട്ടില്‍ 10 ജില്ലകളില്‍ ബി.ജെ.പിക്ക് ഒരു സീറ്റില്‍പോലും വിജയിക്കാനായിട്ടില്ലെന്നും അഴഗിരി ചൂണ്ടിക്കാട്ടി.
നിരീക്ഷകരെപ്പോലും അമ്ബരപ്പിച്ചാണ് ഡി.എം.കെ സഖ്യം അണ്ണാ ഡി.എം.കെ കോട്ടകള്‍ തകര്‍ത്ത് മികച്ച നേട്ടം കൊയ്തത്. 1996നുശേഷമുള്ള അണ്ണാ ഡി.എം.കെയുടെ ഏറ്റവും മോശമായ പ്രകടനമാണിത്. കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്കുപിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തകര്‍ന്നടിഞ്ഞതോടെ പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. ഡി.എം.കെയുടെ തണലില്‍ ഇടതുകക്ഷികളും മുസ്ലിം ലീഗും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സി.പി.എമ്മിന് മൊത്തം 166 സീറ്റും സി.പി.ഐക്ക് 58 സീറ്റും മുസ്ലിം ലീഗിന് 41 സീറ്റും കിട്ടി. എസ്.ഡി.പി.ഐ 22 സീറ്റുകളില്‍ വിജയിച്ചു. അസാദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടി വാണിയമ്ബാടി നഗരസഭയിലെ രണ്ട് വാര്‍ഡുകളില്‍ വിജയിച്ചു.
No comments