Breaking News

എന്റെ സ്ഥാനത്ത് ദീദി ആയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു..?? മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റിന് പിന്നാലെ മമതാ ബാനര്‍ജിയോട് ഉപദേശം തേടി ശരദ് പവാർ..

 


മഹാരാഷ്ട്ര മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലിക്കിനെ ഇ ഡി‌ അറസ്റ്റ് ചെയ്തതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ഉപദേശം തേടി മുതിര്‍ന്ന എന്‍ സി പി നേതാവ് ശരദ് പവാര്‍.

ഏകദേശം പത്ത് മിനിട്ട് നീണ്ടുനിന്ന ടെലിഫോണ്‍ സംഭാഷണത്തിനിടെ ബംഗാളില്‍ ഇത്തരമൊരു സാഹചര്യം വന്നപ്പോള്‍ മമതാ ബാനര്‍ജി എങ്ങനെയാണ് അത് കൈകാര്യം ചെയ്തതെന്ന് ശരദ് പവാര്‍ ചോദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ മാദ്ധ്യമമായ എന്‍ ഡി ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടയില്‍ ബംഗാളിലെ നിരവധി തൃണമൂല്‍ നേതാക്കന്മാരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇത്തരത്തില്‍ നോട്ടമിട്ടിരുന്നു. മുമ്ബ് ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്ത് പരിചയമുള്ളതിനാലാകണം ശരദ് പവാര്‍ മമതാ ബാനര്‍ജിയോട് ഉപദേശം ചോദിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. നിലവിലെ സാഹചര്യത്തില്‍ എന്‍ സി പിക്കും ശരദ് പവാറിനും എല്ലാ വിധത്തിലുമുള്ള പിന്തുണയും നല്‍കാമെന്ന് മമതാ ബാനര്‍‌ജി പവാറിന് ഉറപ്പ് നല്‍കിയതായി എന്‍ സി പിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യ തേടുന്ന കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട ക്രിമിനല്‍ സംഘവുമായി ചേര്‍ന്ന് കള‌ളപ്പണം വെളുപ്പിച്ച കേസിലാണ് മഹാരാഷ്‌ട്ര മന്ത്രിയായ നവാബ് മാലിക്കിനെ ഇഡി കസ്റ്റഡിയിലെടുത്തത്. മഹാരാഷ്‌ട്ര ന്യൂനപക്ഷ കാര്യമന്ത്രിയാണ് നവാബ് മാലിക്.

ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളുമായി പണമിടപാട് മാത്രമല്ല റിയല്‍ എസ്‌റ്റേറ്റ് കച്ചവടം നടത്തിയതിലും നവാബ് മാലിക്കിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ ഇഡി അന്വേഷണം നടത്തിയിരുന്നു. അന്വേഷണവുമായി നവാബ് മാലിക്ക് സഹകരിച്ചിരുന്നില്ല. ഈ കേസില്‍ ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്‍ ഇഖ്‌ബാല്‍ കസ്‌കറെ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ചില റിയല്‍ എസ്‌റ്റേറ്ര് ഡീലുകളില്‍ നവാബ് മാലികിന് ബന്ധമുണ്ടെന്ന് കണ്ടതോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്.

ഇന്ന് രാവിലെ ആറ് മണിയോടെ മന്ത്രിയുടെ വീട്ടിലെത്തിയ ഇഡി സംഘം ഇവിടെ ഒരുമണിക്കൂര്‍ ചോദ്യം ചെയ്‌തു. തുടര്‍ന്ന് മുംബയ് ഇഡി ഓഫീസിലെത്തിച്ച്‌ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. നവാബ് മാലികിനെ ചോദ്യം ചെയ്യുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എന്‍സിപി പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാംഖഡെയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം മുന്‍പ് നവാബ് മാലിക് ഉന്നയിച്ചിരുന്നു. ആര്യന്‍ ഖാന്റെ അറസ്‌റ്റില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. കേന്ദ്രത്തിനെതിരെ സംസാരിക്കുന്നവരെ ഏജന്‍സികള്‍ ലക്ഷ്യമാക്കുന്നു എന്നദ്ദേഹം ആരോപിച്ചു.

No comments