Breaking News

മോദിയെ 'മൈന്‍ഡ്' ചെയ്യാതെ കെ.സി.ആര്‍ ; സ്വീകരിക്കാനുമെത്തിയില്ല, പരിപാടികളിലും പ​ങ്കെടുത്തില്ല..




 തെലങ്കാന സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി മോദിയെ പൂര്‍ണമായി ഒഴിവാക്കി മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു.

സമത്വ പ്രതിമ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതിനും ഐ.സി.ആര്‍.ഐ.എസ്.എ.ടിയുടെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിടുന്നതിനുമായി ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെ.സി.ആര്‍) വിമാനത്താവളത്തില്‍ സ്വീകരിച്ചില്ല. മാസങ്ങള്‍ക്കിടെ ഇതു രണ്ടാം തവണയാണ് കെ.സി.ആര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാതിരിക്കുന്നത്. ഇതോടൊപ്പം മോദി പ​ങ്കെടുക്കുന്ന എല്ലാ പരിപാടികളും മുഖ്യമന്ത്രി ഒഴിവാക്കിയിട്ടുണ്ട്. പനിയുള്ളതിനാല്‍ പ്രധാനമന്ത്രിയുടെ പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനില്‍ക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

കെ.സി.ആറിന്റെ നടപടിയെ വിമര്‍ശിച്ച്‌ തെലങ്കാന ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രി ഭരണഘടനയെ നിരന്തരം അപമാനിക്കുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷന്‍ റെഡ്ഡി, തെലങ്കാന മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. 11-ാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയും സാമൂഹിക പരിഷ്കര്‍ത്താവുമായ രാമാനുജാചാര്യയുടെയാണ് ഹൈദരാബാദിലെ 216 അടി ഉയരമുള്ള പ്രതിമ.

നേരത്തേ മോദിയുടെ ഡ്രസ് കോഡിനെ പരിഹസിച്ച്‌ കെ.സി.ആര്‍ രംഗത്ത് എത്തിയിരുന്നു. ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയാണ് മോദിയിപ്പോള്‍ വസ്ത്രം ധരിക്കുന്നതെന്ന് കെ.സി.ആര്‍ പറഞ്ഞു. കേന്ദ്ര ബജറ്റിനെയും അദ്ദേഹം വിമര്‍ശിച്ചു. ദാരുണവും കുഴപ്പം നിറഞ്ഞതുമായ ബജറ്റാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

'തെരഞ്ഞെടുപ്പ് അടുത്താല്‍ താടി നീട്ടി വളര്‍ത്തി രവീന്ദ്രനാഥ് ടാഗോറിനെ പോലെ പ്രത്യക്ഷപ്പെടും. ഇനി തമിഴ്നാട്ടിലാണെങ്കില്‍ ലുങ്കി ധരിച്ചായിരിക്കും എത്തുക. പഞ്ചാബിലാണെങ്കില്‍ തലപ്പാവും മണിപ്പൂരില്‍ അവരുടെ തൊപ്പിയും മോദി ധരിക്കും. എന്താണിത്...! ഇതുപോലുള്ള കണ്‍കെട്ട് വിദ്യകള്‍ കൊണ്ട് രാജ്യത്തിന് എന്താണ് ഗുണമുള്ളത്..? -കെ.സി.ആര്‍ ചോദിച്ചു. മോദിയുടെ ഭരണമികവായി ഉയര്‍ത്തിക്കാട്ടുന്ന 'ഗുജറാത്ത് മോഡലി'നെയും അദ്ദേഹം പരിഹസിച്ചു. അതെല്ലാം പുറംമോടി മാത്രമാണെന്നും അകത്തൊന്നുമില്ലെന്നാണ് കെ.സി.ആര്‍ പറഞ്ഞത്.

സമൂഹമാധ്യമങ്ങള്‍ വിദഗ്ധമായി ഉപയോഗിച്ചുകൊണ്ട് നുണകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച്‌ ആളുകളെ ഇതുവരെ വിഡ്ഢികളാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം വെളിച്ചത്തായിരിക്കുകയാണ്. അവര്‍ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സി.ആര്‍ തുറന്നടിച്ചിരുന്നു.

No comments