Breaking News

കോണ്‍ഗ്രസിന്‍റെ അവസാന വാക്ക് കെ.പി.സി.സി പ്രസിഡന്‍റിന്‍റേതെന്ന് രമേശ് ചെന്നിത്തല..!! സുധാകരന് പിന്നിൽ..

 


കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്ക് കെ.പി.സി.സി പ്രസിഡന്‍റിന്‍റേതാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പുനസംഘടനയെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായിക്കെയാണ് ചെന്നിത്തലയുടെ പ്രതികരണം. കോണ്‍ഗ്രസ് പുനസംഘടനയില്‍ എല്ലാവരുമായി ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരനുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത്‌ പരിഹരിച്ചതായും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ഡി.സി.സി പുന:സംഘടനയുടെ അന്തിമകരട് പട്ടിക തയാറാക്കിയിരിക്കെസംസ്ഥാന കോണ്‍ഗ്രസില്‍ അസാധാരണമായ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് പുനസംഘടനയില്‍ എം.പിമാരുടെ അഭിപ്രായം കേട്ടില്ലെന്നാണ് പരാതി. എം.പിമാര്‍ പരാതി ഉന്നയിച്ചെന്ന് കാണിച്ച്‌ ഹൈക്കമാന്‍ഡ് പുനസംഘടന നിര്‍ത്തിവെപ്പിച്ചു. ഹൈക്കമാന്‍ഡിന്‍റെ നടപടിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് കടുത്ത അതൃപ്തിയാണ് ഉള്ളത്.

തന്നെ നോക്കുകുത്തി ആക്കി മറ്റുള്ളവര്‍ പാര്‍ട്ടിയുടെ നേതൃത്വം കൈയാളാന്‍ ശ്രമിക്കുന്നുവെന്നാണ് സുധാകരന്‍റെ ആശങ്ക. കെ.പി.സി.സി സ്ഥാനത്ത് തുടരാന്‍ തനിക്ക് താല്‍പര്യമില്ലന്ന് സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

No comments