Breaking News

പ്രഖ്യാപനങ്ങള്‍ നടത്താന്‍ രാഹുല്‍ ആര്..?? പാര്‍ട്ടിയെ ഒരു വീട്ടില്‍ മാത്രമായി ഒതുക്കാന്‍ ശ്രമിക്കുന്നു.. കടന്നാക്രമിച്ച്‌ കപില്‍ സിബൽ..

 


പഞ്ചാബില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്ന് കോണ്‍ഗ്രസ് ജി 23 നേതാവ് കപില്‍ സിബല്‍.

ഒരു മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നെഹ്റു കുടുംബത്തിനെയും രാഹുല്‍ ഗാന്ധിയെയും നിശിതമായി വിമര്‍ശിച്ച്‌ രംഗത്തു വന്നത്. പദവി രാജി വച്ചിട്ടും രാഹുല്‍ ഗാന്ധി തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. കോണ്‍ഗ്രസ് നേതൃത്വം ഒരു സാങ്കല്‍പിക ലോകത്താണെന്നും അതില്‍ ചിലര്‍ പാര്‍ട്ടിയെ ഒരു വീട്ടില്‍ മാത്രമായി ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടിയുടെ അദ്ധ്യക്ഷനല്ലെങ്കിലും രാഹുല്‍ ഗാന്ധിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. രാഹുല്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടിയുടെ പ്രസിഡന്റിനെ പോലെയാണ് പെരുമാറുന്നത്. എങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹത്തെ തിരികെ ആ സ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് എന്നത് പ്രവര്‍ത്തക സമിതി മാത്രമല്ല. അതിലെ അംഗങ്ങളെന്നത് നേതൃത്വത്തിന്റെ നോമിനികള്‍ മാത്രമാണ്. അതിനു പുറത്തേക്കും പാര്‍ട്ടിയുണ്ട്. അവരുടെ ശബ്ദവും നേതൃത്വം കേള്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ ചിലര്‍ക്ക് വേണ്ടത് ഘര്‍ കി കോണ്‍ഗ്രസ് ആണ്. എന്നാല്‍ എനിക്കതല്ല ആവശ്യം. എന്റെ ആഗ്രഹം സബ് കി കോണ്‍ഗ്രസാണ്. അതായത് എല്ലാവരുടെയും കോണ്‍ഗ്രസ്. അതിനായി ഞാന്‍ അവസാനം വരെ പോരാടും. സബ് കി കോണ്‍ഗ്രസ് എന്നാല്‍ എല്ലാവരും ഒന്നിച്ചു കൂടുക എന്നു മാത്രമല്ല. മറിച്ച്‌ ബിജെപിയെ ആഗ്രഹിക്കാത്ത എല്ലാവരെയും ഒന്നിച്ചുനിര്‍ത്തുക എന്നതാണ്. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. 2014 മുതല്‍ കോണ്‍ഗ്രസ് താഴേക്ക് പോവുകയായിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി ഭരിച്ചിരുന്ന സംസ്ഥാനങ്ങളെല്ലാം കൈവിട്ടുപോയി. വിജയിച്ച സംസ്ഥാനങ്ങളില്‍ പോലും തങ്ങളുടെ എംഎല്‍എമാരെ ഒരുമിച്ച്‌ നിറുത്താന്‍ പറ്റിയില്ല. അതിനൊപ്പം നേതൃത്വത്തിലെ പ്രധാന വ്യക്തിത്വങ്ങള്‍ പാര്‍ട്ടി വിട്ടു. 2014 മുതല്‍ എംപിമാരും എംഎല്‍എമാരുമടക്കം 177 പേര്‍ കോണ്‍ഗ്രസ് വിട്ടുവെന്നും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇത്തരത്തിലുള്ള ഒരു കൊഴിഞ്ഞുപോക്ക് കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ട്ടിയില്‍ ഇപ്പോള്‍ അവസരവാദികളുടെ കാലമാണെന്നും പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം സോണിയ ഗാന്ധി തന്നെ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലിയും രംഗത്തു വന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത് ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തി അടിയന്തരമായി തിരുത്തുകയാണ് വേണ്ടത്. ഈ തോല്‍വിയില്‍ ഒരു പ്രവര്‍ത്തകനും ഒരു നേതാവും പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് ജി 23 നേതാക്കളില്‍ ഒരാളായിരുന്ന മൊയ്ലി ഇപ്പോള്‍ അവരില്‍ നിന്ന് അകലം പാലിക്കുകയാണ്.

താന്‍ ഒരിക്കലും പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നില്ല. നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരണം എന്നു തന്നെയാണ് താനും ആഗ്രഹിക്കുന്നത്. മോശം അവസ്ഥയിലൂടെ പോകുമ്ബോള്‍ നേതൃത്വത്തെ ലക്ഷ്യം വയ്ക്കുന്ന പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ക്ക് തന്നെ ഗാന്ധി കുടുംബത്തിന് വലിയ ജനപിന്തുണയുണ്ട്. പ്രധാനമന്ത്രിയാകാനുള്ള സാദ്ധ്യത കൈവന്നിട്ടും അതിന് തയ്യാറാകാതെ ആ സ്ഥാനം മറ്റൊരാള്‍ക്ക് വിട്ടു നല്‍കിയ വ്യക്തിയാണ് സോണിയയെന്ന് മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സോണിയ ഗാന്ധി പിന്മാറിയപ്പോള്‍ ആ സ്ഥാനം രാഹുല്‍ ഗാന്ധിക്ക് ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, എന്നിട്ടും പ്രധാന മന്ത്രിയായി രാജ്യം കണ്ട ഏറ്റവും മികച്ച സാന്പത്തിക വിദഗ്ദനായ മന്‍മോഹന്‍ സിംഗിനെ കൊണ്ടു വരികയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

No comments