കള്ളക്കഥകള്‍ നിറുത്തി മാപ്പ് പറയണം, മോദിക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍
ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്റെ അനധികൃത ഇടപെടലുകള്‍ ഉണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിംഗ് രംഗത്തെത്തി. വില കുറഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് തികച്ചും വേദനയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു.
മുതിര് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ തന്നെ നീചനെന്ന് വിളിച്ചത് പാകിസ്ഥാനിലെ നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടതിന് ശേഷമാണെന്നായിരുന്നു മോദിയുടെ ആരോപണം.
സമൂഹത്തില്‍ അസത്യം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞ മന്‍മോഹന്‍ സിംഗ് വിഷയത്തില്‍ മോദി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
താന്‍ വഹിക്കുന്ന പദവിയുടെ മഹത്വത്തെക്കുറിച്ച് മോദി മനസിലാക്കണം. ഇക്കാര്യത്തില്‍ അദ്ദേഹം വിവേകം കാണിക്കുമെന്നാണ് പ്രതീക്ഷ. മുന്‍ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, സൈനിക മേധാവി തുടങ്ങിയവരെ അവഹേളിക്കാനുള്ള ശ്രമമാണ് നിര്‍ഭാഗ്യവശാല്‍ മോദിയില്‍ നിന്നുണ്ടായത്. ഗുജറാത്തിലെ ദയനീയ തോല്‍വി മുന്നില്‍ കണ്ടാണ് മോദി ഇത്തരത്തില്‍ അപവാദ പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.
ദേശീയതയെക്കുറിച്ച് കോണ്‍ഗ്രസിനോട് ധര്‍മോപദേശം നടത്തേണ്ട. പ്രത്യേകിച്ച് ഭീകരാവദത്തോട് എല്ലാത്തരം വിട്ടുവീഴ്ചകളും ചെയ്ത് പോരാടുന്ന ചരിത്രമുള്ള ബി.ജെ.പിയില്‍ നിന്നും അതിന്റെ പ്രധാനമന്ത്രിയില്‍ നിന്നും. ഉദ്ദംപൂറിലും ഗുര്‍ദാസ്പൂറിലും ഭീകരാക്രമണം നടത്തിയ സമയത്ത് ഔദ്യോഗിക ക്ഷണമില്ലാതെ മോദി പാകിസ്ഥാനിലെത്തിയത് ആരും മറന്നിട്ടില്ല. പാക് തീവ്രവാദികള്‍ ആക്രമണം നടത്തിയ പത്താന്‍കോട്ടിലെ സൈനിക ആസ്ഥാനത്ത് പാകിസ്ഥാന്റെ ചാരസംഘടനയെ ക്ഷണിച്ചു വരുത്തി അന്വേഷണം നടത്തിച്ചതും താന്‍ ഓര്‍മ്മിപ്പിക്കാമെന്ന് മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.


No comments