Breaking News

സമ്മാനമടിച്ചെന്നു സന്ദേശമയച്ച്‌ ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയക്കാരന്‍ അറസ്റ്റില്‍


ഓണ്ലൈൻ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ നൈജീരിയക്കാരനെ മലപ്പുറം പൊലിസിന്റെ സ്പെഷല്‍ സ്ക്വാഡ് ഡല്‍ഹി മെഹ്റോളിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

വ്യാജസന്ദേശമയച്ച്‌ തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടിയിരുന്ന ഇമ്മാനുവല്‍ ആര്‍ച്ചിബോംഗ് (23)ആണ് അറസ്റ്റിലായത്. സമ്മാനം അടിച്ചെന്നും വിവിധ സാധനങ്ങള്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്ന്മെന്നും മറ്റും പറഞ്ഞായിരുന്നു ഇയാള്‍ സന്ദേശമയച്ചിരുന്നത്. ഇതിനായി ബന്ധപ്പെടുന്നവരില്‍ നിന്ന് പല അക്കൗണ്ടുകളിലേക്കായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു പതിവ്.

പണം നിക്ഷേപിച്ചിട്ടും സാധനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടപാടുകാരന്‍ പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

ആപ്പിള്‍ ഐ ഫോണുകള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുന്നെന്ന പരസ്യം ഇന്റര്‍നെറ്റില്‍ കണ്ട് സമീപിച്ച പരാതിക്കാരനോട് അക്കൗണ്ട് നമ്ബര്‍ നല്‍കി പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിയിരുന്നു. പണമടച്ചെങ്കിലും ഐ ഫോണ്‍ ലഭിക്കാതായതോടെയാണ് പരാതിക്കാരന്‍ പൊലിസിനെ സമീപിച്ചത്.

പ്രതി ഉപയോഗിച്ച വാട്സ്‌ആപ്പ് നമ്ബര്‍ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. പണം കിട്ടിയ ഉടനെ പ്രതി ആ നമ്ബര്‍ ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ നമ്ബറിനെ പിന്തുടര്‍ന്ന് പോകുക പ്രായോഗികമായിരുന്നില്ല. മുന്‍പ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിലെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് പ്രതിയെ ഡല്‍ഹിയിലെ ബുരാഡിയില്‍ നിന്ന് പിടികൂടിയ പരിചയം ഉപയോഗിച്ചാണ് ഈ പ്രതിസന്ധി മറികടന്നത്. കൊണ്ടോട്ടിയിലെ കേസില്‍ കഴിഞ്ഞ വര്‍ഷം ഡാനിയേല്‍ എന്ന മറ്റൊരു നൈജീരിയന്‍ പൗരനെ ഇതേ പൊലിസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ നിര്‍ദേശപ്രകാരം മഞ്ചേരി എസ്.ഐ റിയാസ് ചാക്കീരിയുടെ മേല്‍നോട്ടത്തില്‍ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ എസ്.എ. മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു, പി. മുഹമ്മദ് സലീം എന്നിവരാണ് ഡല്‍ഹിയില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments