Breaking News

ഹിമാചലിലെ സിപിഎം വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നതെന്ന് പിണറായി


ഹിമാചലിലെ സിപിഎം വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നതെന്ന് പിണറായി,  ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുവേണ്ടി ഏക സീറ്റ് നേടിയ രാകേഷ് സിന്‍ഹയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

തിയോഗ് നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും എതിരിട്ട് വിജയിച്ച സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം രാകേഷ് സിന്‍ഹയെ അഭിനന്ദിക്കുന്നുവെന്ന് പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു. കാല്‍നൂറ്റാണ്ടിനു ശേഷമുളള ഹിമാചലിലെ സി.പി.എമ്മിന്റെ വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിമാചലിലെ തിയോഗ് മണ്ഡലത്തിലാണ് സംസ്ഥാനത്തെ പ്രമുഖ സിപിഎം നേതാവായ രാകേഷ് സിന്‍ഹ ജയിച്ചത്. 1983 വോട്ടുകള്‍ക്ക് ബിജെപിയിലെ രാകേഷ് വര്‍മയെയാണ് സിന്‍ഹ പരാജയപ്പെടുത്തിയത്.

24 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് തിയോഗില്‍ സിപിഎം സ്ഥാനാര്‍ഥി വിജയിക്കുന്നത്.

കോണ്‍ഗ്രസിന്റെ ശക്തയായ പ്രതിനിധി വിദ്യ സ്റ്റോക്സ് ആയിരുന്നു വര്‍ഷങ്ങളായി നിയമസഭയില്‍ തിയോഗിനെ പ്രതിനിധീകരിച്ചിരുന്നത്. ദീര്‍ഘകാലം ഇന്ത്യന്‍ ഹോക്കി ടീമിന്റെ അഡ്മിനിസ്റ്റേറ്ററായിരുന്ന വിദ്യ സ്റ്റോക്സ് എട്ടു തവണ ഹിമാചല്‍ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി വിദ്യ സ്റ്റോക്സിന്റെ പത്രിക തള്ളപ്പെടുകയായിരുന്നു. പത്രികയിലെ പിഴവുകളാണ് ഇതിന് ഇടയാക്കിയത്. അതോടെ തിയോഗിന്റെ തിരഞ്ഞെടുപ്പു ചിത്രം അടിമുടി മാറി. കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥി ദീപക് റാത്തോറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബാക്കിയായത്. ഇയാള്‍ 9101 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.


No comments