Breaking News

ഓരോ ബോളിലും ആർത്തുവിലിച്ച് സഞ്ജുവിന്റെ കട്ട ആരാധിക



ഐപിഎല്ലിന്റെ താരമായി ഉയര്‍ന്നു വന്ന് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സഞ്ജു ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കു വേണ്ടി കളിച്ച സഞ്ജുവിനെ രാജസ്ഥാന്‍ ഐപിഎല്ലില്‍ തിരിച്ചെത്തിയപ്പോള്‍ വന്‍ വില കൊടുത്താണ് ടീമിലേയ്‌ക്കെത്തിച്ചത്. സഞ്ജുവിന്റെ റേഞ്ച് മനസ്സിലാക്കി തന്നെയായിരുന്നു ഇത്.
കേരളത്തിന് പുറമേ രാജസ്ഥാനിലും സഞ്ജുവിന്റെ ബാറ്റിങിനു വേണ്ടി കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ ഏറെയാണ്. അക്കൂട്ടത്തില്‍ രാജസ്ഥാനില്‍ നിന്ന് ഒരു കട്ട ആരാധികയെ ലഭിച്ചിരിക്കുകയാണ് സഞ്ജുവിന്. ഞായറാഴ്ച നടന്ന രാജസ്ഥാന്‍-മുംബൈ മത്സരത്തിനാണ് ഈ പെണ്‍കുട്ടിയെത്തിയത്. ത്രിവര്‍ണ നിറത്തില്‍ കവിളില്‍ സഞ്ജു എന്നെഴുതിയിരുന്നു.
ഷെഫാലി ചുഗ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് കട്ട സഞ്ജു ഫാനായ പെണ്‍കുട്ടിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ശ്രദ്ധയില്‍പെട്ടതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ സഞ്ജു അര്‍ധസെഞ്ചുറി നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.
ഐപിഎല്‍ 2018 സീസണില്‍ മികച്ച രീതിയിലാണ് സഞ്ജു ബാറ്റു വീശുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ ആറു മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ റണ്‍വേട്ടയില്‍ ഏറ്റവും മുന്നിലാണ് സഞ്ജുവിന്റെ സ്ഥാനം. രണ്ട് അര്‍ധസെഞ്ചുറിയുള്‍പ്പെടെ 239 റണ്‍സാണ് തിരുവനന്തപുരം സ്വദേശിയായ സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്. ഇതുവരെയുള്ളതില്‍ ഉയര്‍ന്ന സ്‌കോര്‍ പുറത്താകാതെ 92 റണ്‍സ്. സിക്‌സുകളും ഫോറുകളും കണ്ടെത്താന്‍ ഒരുപോലെ മിടുക്കു കാണിക്കുന്ന സഞ്ജുവിന്റെതു ക്ലാസിക്കല്‍ ശൈലിയിലുള്ള ബാറ്റിങ്ങാണെന്നാണു ക്രിക്കറ്റ് നിരീക്ഷകരുടെ പക്ഷം.

No comments