12മുതല്‍ 17 വരെ തമിഴ്നാട് കുടിച്ചു തീര്‍ത്തതു 735 കോടി രൂപ
ചെന്നൈ: രജനീകാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവും തിയറ്ററുകളിലെത്തിയെങ്കിലും ഈ പൊങ്കല്‍ സീസണില്‍ തമിഴ്നാട്ടിലെ സൂപ്പര്‍ ഹിറ്റ് ടാസ്മാക് തന്നെ. 12മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ തമിഴ്നാട് കുടിച്ചു തീര്‍ത്തതു 735 കോടി രൂപ. തിരുവള്ളുവര്‍ ദിനമായ 16ന് ടാസ്മാക് കടകള്‍ക്ക് അവധിയായിരുന്നു. ഫലത്തില്‍ 5 ദിവസത്തെ കണക്കാണിത്. ദീപാവലി സീസണില്‍ ഒരാഴ്ചത്തെ മദ്യവില്‍പന 602 കോടിയായിരുന്നു. ഈ റെക്കോര്‍ഡാണ് പൊങ്കല്‍ അവധി മറികടന്നത്. വില്‍പന എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുമെന്നാണു സൂചന.
പൊങ്കല്‍ സമ്മാനമായി സംസ്ഥാന സര്‍ക്കാര്‍ 1000 രൂപ നല്‍കിയിരുന്നു. സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും ഇതു ലഭിച്ചിരുന്നു.
സൗജന്യ സമ്മാനം നല്‍കുന്നതില്‍ നല്ലൊരു പങ്ക് ടാസ്മാക് ഷോപ്പുകള്‍വഴി തിരിച്ചു വരുമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പൊങ്കല്‍ അവധി തുടങ്ങിയ 12ന് സംസ്ഥാനത്ത് 108 കോടിയുടെ മദ്യം വിറ്റുപോയി. 13ന് ഇതു 129 കോടിയായി. ബോഗി പൊങ്കല്‍ ദിവസം 139 കോടിയായ മദ്യ വില്‍പന പൊങ്കല്‍ ദിനമായ 15ന് ഇരട്ട സെഞ്ചുറി അടിച്ചു.
209 കോടിയുടെ മദ്യമാണു പൊങ്കല്‍ ദിനം തമിഴ്നാട്ടുകാര്‍ കുടിച്ചു തീര്‍ത്തത്. പൊങ്കലിനു പിറ്റേന്ന് 16ന് അവധിയായതും മദ്യ വില്‍പന കൂടാന്‍കാരണമായി. കാണും പൊങ്കല്‍ ദിനമായ 17ന് 150 കോടിയുടെ മദ്യമാണു വിറ്റുപോയത്. പൊങ്കലിനോടനുബന്ധിച്ച് അഞ്ചു ദിവസംകൊണ്ട് തമിഴ്നാട്ടില്‍ വിറ്റുപോയത് 735കോടിയുടെ മദ്യം.
പൊങ്കല്‍ ദിനമായ 15ന് വിറ്റുപോയത് 209 കോടിയുടെ മദ്യം.

No comments