അബുദാബിയിലേക്കു ഗോ എയർ ടിക്കറ്റ് ബുക്കിങ് തുടങ്ങി
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കു ഗോ എയർ ടിക്കറ്റ് ബുക്കിങ് തുടങ്ങി. മാർച്ച് 1 മുതൽ ആഴ്ചയിൽ 4 ദിവസമാണു സർവീസ്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 10.10നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് യുഎഇ സമയം അർധരാത്രി 12.40ന് അബുദാബിയിലെത്തുന്ന തരത്തിലും തിങ്കൾ, ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ അബുദാബിയിൽ നിന്നു യുഎഇ സമയം പുലർച്ചെ 1.40നു പുറപ്പെട്ട് രാവിലെ 7.10നു കണ്ണൂരിൽ എത്തുന്ന തരത്തിലുമാണു സർവീസ്.
മാർച്ച് 31നു നിലവിൽ വരുന്ന സമ്മർ ഷെഡ്യൂളിൽ സമയക്രമം മാറും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ വൈകിട്ടു 3.20നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് യുഎഇ സമയം 5.50ന് അബുദാബിയിൽ എത്തുന്ന തരത്തിലും വൈകിട്ട് 6.50ന് അബുദാബിയിൽ നിന്നു പുറപ്പെട്ട് രാത്രി 12.20നു കണ്ണൂരിൽ തിരിച്ചെത്തുന്ന തരത്തിലുമായിരിക്കും വേനൽക്കാല സർവീസുകൾ.
അബുദാബിയിലേക്ക് 6099 രൂപ മുതലും തിരികെ കണ്ണൂരിലേക്ക് 7999 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്. നിലവിൽ ആഴ്ചയിൽ 3 ദിവസം എയർ ഇന്ത്യ എക്സ്പ്രസ് അബുദാബിയിലേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ട്. ഫെബ്രുവരി 28 മുതൽ ഗോ എയർ കണ്ണൂർ- മസ്കത്ത് സർവീസും ആരംഭിക്കുന്നുണ്ട്. കണ്ണൂരിൽ നിന്നു ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മസ്കത്തിൽ നിന്നു ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലുമാണു സർവീസുകൾ.
കണ്ണൂരിൽ നിന്നുള്ള ടിക്കറ്റിന് ഉയർന്ന നിരക്ക് ഈടാക്കുന്നതിനെതിരെ പരാതികൾ വ്യാപകമായിരുന്നു.നിരക്കു കുറയ്ക്കണമെന്നു വിമാനക്കമ്പനി പ്രതിനിധികളുമായുള്ള യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കർശന നിലപാടെടുത്തിരുന്നു. ഗോ എയർ ടിക്കറ്റ് കുറഞ്ഞ നിരക്കിൽ ലഭ്യമായിത്തുടങ്ങിയതോടെ എയർഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്കും കുത്തനെ കുറഞ്ഞു.
മാർച്ച് മാസത്തിലെ പല ദിവസങ്ങളിലും അബുദാബിയിലേക്കു പതിനായിരത്തിനു താഴെയുള്ള നിരക്കിലാണ് ഇപ്പോൾ ബുക്കിങ് പുരോഗമിക്കുന്നത്.

No comments