Breaking News

ഗംഗാ സ്‌നാനത്തിനു ശേഷം ഫെബ്രുവരി നാലിന് പ്രിയങ്കാ ഗാന്ധി ചുമതലയേല്‍ക്കുമെന്ന് സൂചന


ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധി ഫെബ്രുവരി നാലിന്പുതിയചുമതല ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. കുഭമേളയുടെ ഭാഗമായി ഗംഗാസ്നാനം നടത്തിയ ശേഷമായിരിക്കും പ്രിയങ്ക ചുമതലയേൽക്കുക. അടുത്തിടെയാണ് പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതായും സംഘടനാ ചുമതല നൽകിയതായുമുള്ള പ്രഖ്യാപനം ഉണ്ടായത്.കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് അവർ.

പ്രയാഗ് രാജിലാണ് പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിയും സ്നാനം നടത്തുക. ഇതിനായി ഇരുവരും ഫെബ്രുവരി നാലിനുള്ള മറ്റു പരിപാടികൾ ഒഴിവാക്കിയതായാണ് റിപ്പോർട്ട്. പിന്നീട് ഇരുവരും സംയുക്ത പത്രസമ്മേളനം നടത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമുണ്ടായത്.

തിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രിയങ്കാ ഗാന്ധി കടന്നുവരുന്നതായുള്ള വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് ഇപ്പോൾ പ്രിയങ്ക പാർട്ടിയുടെ ചുമതലയേൽക്കുന്നത്.
       
          

No comments