Breaking News

വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ‌്


കണ്ണൂർ ജില്ലയിൽ മൂന്ന‌് വാർഡുകളിൽ വ്യാഴാഴ‌്ച ഉപതെരഞ്ഞെടുപ്പ‌്. കല്യാശേരി പഞ്ചായത്തിലെ  വെള്ളാഞ്ചിറ, കീഴല്ലൂർ പഞ്ചായത്തിലെ എളമ്പാറ, ശ്രീകണ‌്ഠപുരം നഗരസഭയിലെ  കാവുമ്പായി വാർഡുകളിലാണ‌്   തെരഞ്ഞെടുപ്പ‌്.
കല്യാശേരി പഞ്ചായത്തിലെ  15ാം വാർഡായ വെള്ളാഞ്ചിറയിൽ എൽഡിഎഫ‌് സ്ഥാനാർഥി  കെ മോഹനനും യുഡിഎഫ‌് സ്ഥാനാർഥി  പ്രമോദുമാണ് മത്സരരംഗത്തുള്ളത‌്.  പഞ്ചായത്തംഗമായിരുന്ന എൽഡിഎഫിലെ  പുത്തലത്ത‌് ജയരാജന്റെ നിര്യാണത്തെതുടർന്നാണ‌് തെരഞ്ഞെടുപ്പ‌്. 633 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയരാജൻ വിജയിച്ചത്. ആകെ പോൾ ചെയ്ത 879 ൽ 754 വോട്ട് എൽഡിഎഫും 125 വോട്ട് യുഡിഎഫ് സ്ഥാനാർഥിയും നേടി. നിലവിൽ 1108 വോട്ടർമാരുണ്ട്.  ഇരിണാവ് യുപി സ്കൂളാണ് പോളിങ് സ്റ്റേഷൻ.
 കീഴല്ലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡായ എളമ്പാറയിൽ റിട്ട. എസ്‌ഐയും സാമൂഹ്യപ്രവർത്തകനുമായ ആർ കെ കാർത്തികേയനാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. യുഡിഎഫ‌് സ്ഥാനാർഥി കെ എം പ്രേമരാജനും ബിജെപി സ്ഥാനാർഥി ഇ നാരായണനും മത്സരരംഗത്തുണ്ട്‌. എൽഡിഎഫ‌ിലെ പി ബാലകൃഷ്‌ണന്റെ നിര്യാണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് 194 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. നിലവിൽ 1220 വോട്ടർമാരാണുള്ളത്‌. എളമ്പാറ എൽപി സ്‌കൂളിലെ രണ്ട്‌ ബൂത്തുകളിലായാണ്‌ വോട്ടെടുപ്പ്‌.
 ശ്രീകണ‌്ഠപുരം നഗരസഭയിലെ പത്താം വാർഡായ കാവുമ്പായിൽ ഇ രാജനാണ‌് എൽഡിഎഫ‌് സ്ഥാനാർഥി. പി മാധവനാണ‌് യുഡിഎ‌ഫ‌് സ്ഥാനാർഥി. എൽഡിഎഫ‌് കൗൺസിലറായിരുന്ന എൻ കോരന്റെ നിര്യാണത്തെ തുടർന്നാണ‌് ഉപതെരഞ്ഞെടുപ്പ‌്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ 182 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ‌് എൽഡിഎഫ‌് ജയിച്ചത‌്. 704 വോട്ടർമാരാണ‌് വാർഡിലുള്ളത‌്.

No comments