Breaking News

കസ്തൂരിരംഗനും ഇടുക്കി ബിഷപ്പും കഴിഞ്ഞ തവണത്തെപ്പോലെ അനുകൂല സാഹചര്യമല്ലെങ്കിലും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജിനെ ഒരിക്കല്‍ക്കൂടി പരീക്ഷിക്കാനൊരുങ്ങി സിപിഎം. കരുത്തനായ സ്ഥാനാർത്ഥിയെ നിർത്താൻ കോണ്‍ഗ്രസ്. ആര് സ്ഥാനാര്‍ഥി യായാലും ഇടുക്കിയില്‍ പട നയിക്കാനെത്തുന്നത് ഉമ്മന്‍ചാണ്ടി നേരിട്ട്

ഇടുക്കി:  ഇത്തവണ സംസ്ഥാനത്തെ യു ഡി എഫ് – എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ ആകാംഷയോടെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി.  പരമ്പരാഗതമായ കോണ്‍ഗ്രസ് മണ്ഡലം.

ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇടതുപക്ഷം ഈ സീറ്റ് പിടിച്ചെടുക്കാറുണ്ട്.

അങ്ങനെയൊരവസത്തിലൂടെയായിരുന്നു കഴിഞ്ഞ തവണ ജോയ്സ് ജോര്‍ജ്ജിലൂടെ ഇടതുപക്ഷം ഇടുക്കി പിടിച്ചെടുത്തത്. അത് ഇത്തവണ നിലനിര്‍ത്താനാകുമോ എന്നതാണ് വലതുപക്ഷത്തിന്റെയും ആകാംഷ ! രണ്ടും സാധ്യതയുള്ള കാര്യങ്ങള്‍ തന്നെ !

ഇടതുപക്ഷത്ത് സിറ്റിംഗ് എം പി ജോയ്സ് ജോര്‍ജ്ജിനെ തന്നെ മത്സരിപ്പിക്കാനാണ് സി പി എം തീരുമാനം.  ലക്‌ഷ്യം കത്തോലിക്കാ വോട്ടുകള്‍ തന്നെ.
കഴിഞ്ഞ തവണ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി രൂപതയില്‍ ഉടലെടുത്ത ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു ജോയ്സ് ജോര്‍ജ്ജിന്റെ രംഗപ്രവേശത്തിന് പോലും കാരണമായത്.

ആ ഒരു സാഹചര്യം ഇപ്പോള്‍ നിലവിലില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഹൈറേഞ്ച് വികസന സൊസൈറ്റി എന്ത് നിലപാടെടുത്തോ ആ പ്രശ്നങ്ങള്‍ അവിടെ തന്നെ നില്‍ക്കുകയാണ്.

അന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഇപ്പോള്‍ പദവി ഒഴിഞ്ഞു. പുതിയ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സഭാ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനോട് യോജിക്കുന്ന ആളല്ല.
എങ്കില്‍ പോലും സഭയുടെ എതിര്‍പ്പ് ജോയ്സിന്റെ കാര്യത്തില്‍ ഉണ്ടാകാനിടയില്ല എന്നതാണ് സി പി എമ്മിന്റെ പ്രതീക്ഷ.

അതേസമയം, കോണ്‍ഗ്രസ് ഇത്തവണ കരുതലോടെയാണ് ഇടുക്കിയുടെ കാര്യത്തില്‍ കരുക്കള്‍ നീക്കുക. ഇടുക്കി രൂപതയുമായുണ്ടായിരുന്ന അകല്‍ച്ച ഇല്ലാതാക്കുകയെന്നത് പ്രധാനമാണ്. സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമ്പോള്‍ അത് ഇടുക്കിയിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് സ്വീകാര്യതയുള്ള ആളുമായിരിക്കണം.

കഴിഞ്ഞ തവണ മത്സരിച്ച ഡീന്‍ കുര്യാക്കോസ്, പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മാത്യു കുഴല്‍നാടന്‍, കോട്ടയം ഡി സി സി മുന്‍ അധ്യക്ഷന്‍ അഡ്വ. ടോമി കല്ലാനി എന്നീ പേരുകളാണ് കോണ്‍ഗ്രസിന്റെ സാധ്യതാ ലിസ്റ്റിലുള്ളത്.
ഡീനിനെ സംബന്ധിച്ച് ഇടുക്കിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തന്നെയാണ് പ്രതികൂലമായി നില്‍ക്കുന്നത്.

മാത്യു കുഴല്‍നാടന് സഭാ സമവാക്യങ്ങള്‍ പ്രതികൂലമായേക്കാം. എങ്കിലും എ ഐ സി സിയ്ക്ക് താല്പര്യമുള്ള മികച്ച പ്രതിശ്ചായയുള്ള യുവ നേതാക്കളില്‍ പ്രധാനിയാണ്‌ കുഴല്‍നാടന്‍.

പാര്‍ട്ടിയിലെ കത്തോലിക്കാ പ്രാതിനിധ്യം പരിഗണിക്കുമ്പോള്‍ ഇടുക്കിയിലേക്ക് ടോമി കല്ലാനിയുടെ പേരും ലിസ്റ്റില്‍ കയറുകയാണ്. മുന്‍ ഡി സി സി അധ്യക്ഷന്മാര്‍ക്ക് പരിഗണന നല്‍കണമെന്ന് എ ഐ സി സിയുടെ നിര്‍ദ്ദേശമുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച ഡി സി സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ടോമി കല്ലാനിയുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്കും താല്പര്യമുണ്ട്.

കല്ലാനിയെ ഇടുക്കി, പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പരിഗണിക്കണമെന്ന നിര്‍ദ്ദേശം മുകുള്‍ വാസ്നിക്കും കെ പി സി സിയ്ക്ക് നല്‍കിയിട്ടുണ്ട്. അതിനൊപ്പം മാറ്റി നിര്‍ത്തപ്പെട്ട മുന്‍ ഡി സി സി അധ്യക്ഷരില്‍ സാധ്യതയുള്ളവരെ പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം.
അങ്ങനെ വന്നാല്‍ എ ഗ്രൂപ്പ് ഇത്തവണ ടോമി കല്ലാനിയുടെ പേര് ഇടുക്കിയില്‍ ഒന്നാംപേരായി പരിഗണിക്കാനാണ് സാധ്യത. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്റെ പേര് എ ഗ്രൂപ്പ് തൃശൂര്‍, ചാലക്കുടി സീറ്റുകളിലൊന്നിലേക്കും നിര്‍ദ്ദേശിക്കും.

എന്തായാലും ഇടുക്കി പിടിച്ചെടുക്കുകയെന്നത് ഇത്തവണ കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രസ്റ്റീജായിരിക്കും. അതിനായി ഇടുക്കിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേരിട്ട് ചുക്കാന്‍ പിടിക്കുന്നതും സ്റ്റാര്‍ ക്യാമ്പയ്നറും ഉമ്മന്‍ചാണ്ടി തന്നെയായിരിക്കും എന്നുറപ്പാണ്.

കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി ഉമ്മന്‍ചാണ്ടി ഏറ്റവും അധികം പരിപാടികളില്‍ സംബന്ധിച്ചിട്ടുള്ളത് ഇടുക്കിയിലാണ്. ജില്ലയില്‍ ഏറ്റവും അധികം സ്വാധീനമുള്ള നേതാക്കളില്‍ ഒരാളും ഉമ്മന്‍ചാണ്ടി തന്നെ.
അതിനാല്‍ ഇടുക്കിയില്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാട് തന്നെയാകും നിര്‍ണ്ണായകമാകുക.

No comments