കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ രാഹുല്‍ കാണും
കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എത്തും. നാളെ ഉച്ചയ്ക്ക് 1.30 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം വിഐപി ലോഞ്ചില്‍വച്ച് ഷുഹൈബിന്റെ മാതാപിതാക്കളും സഹോദരിമാരും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും ഷുഹൈബിനൊപ്പം സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കാണും. നാളെ രാവിലെ തൃശൂര്‍ നാട്ടികയില്‍ മത്സ്യത്തൊഴിലാളി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തശേഷമാണ് രാഹുല്‍ഗാന്ധി കണ്ണൂരില്‍ വിമാനമിറങ്ങുക.30 മിനിട്ട് അദ്ദേഹം ഷുഹൈബിന്റെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കും.
കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളും ഒപ്പമുണ്ടായിരിക്കും. തുടര്‍ന്ന് ഹെലികോപ്ടറില്‍ കാസര്‍ഗോഡ് പെരിയയിലേക്കു പോകുന്ന രാഹുല്‍ഗാന്ധി കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്, കൃപേഷ് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് കോഴിക്കോട്ടേക്ക് തിരിച്ചുപോയി വൈകുന്നേരം ബീച്ചില്‍ സംഘടിപ്പിച്ചിട്ടുള്ള ജനമഹാറാലിയില്‍ പങ്കെടുക്കും.
കണ്ണൂര്‍ വിമാനത്താവളത്തില്‍വച്ച് ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണുമെന്ന് ഇന്നലെ രാവിലെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

No comments