Breaking News

കെ മുരളീധരനെ മത്സരിപ്പിച്ചത് അബദ്ധം ആയോ...??

 


നിയമസഭാ തെരെഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ കാരണങ്ങള്‍ പഠിക്കാന്‍ കോണ്‍ഗ്രസ് അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു .


ബിജെപി നിയോഗിച്ച അഞ്ചംഗ സമിതി കഴിഞ്ഞ മാസത്തിലായിരുന്നു തോല്‍വിയുടെ കാരണങ്ങള്‍ വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇപ്പോഴിതാ കോണ്‍ഗ്രസ് നിയോഗിച്ച അഞ്ചംഗ സമിതിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നേമത്ത് കെ മുരളീധരന്‍ മത്സരിച്ചത് തിരിച്ചടിയായെന്നതാണ് അതിലെ ശ്രദ്ധേയമായ കണ്ടെത്തല്‍. കെ.എ.ചന്ദ്രന്‍, കെ.മോഹന്‍കുമാര്‍, പി.ജെ.ജോയ്, വി സി.കബീര്‍, കുര്യന്‍ ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ച് മേഖലാസമിതികളാണ് പഠനം നടത്തിയത്. ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ക്രോഡീകരിക്കാന്‍ പരിശോധനസമിതിയെ നിയോഗിച്ചേക്കും. അതിന് ശേഷം തിരുത്തലിലേക്ക് കോണ്‍ഗ്രസ് കടക്കും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.


കെ. മുരളീധരന്‍ നേമത്ത് മത്സരിച്ചത് അവിടത്തെ വോട്ട് ഇരട്ടിയാക്കാന്‍ സഹായിച്ചു. പക്ഷേ, അത് ബിജെപി.യുടെ വാശികൂട്ടി. മറ്റുചില മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്. അനുകൂല നിലപാടെടുക്കാന്‍ ഇത് ബിജെപി.യെ പ്രേരിപ്പിച്ചു. ഇത് കോട്ടയം അടക്കമുള്ള ജില്ലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യിപ്പിക്കാനുള്ള ശ്രമം അങ്ങനെ ഇടതുപക്ഷത്തിന് അധികാര തുടര്‍ച്ച നല്‍കിയെന്നാണ് റിപ്പോര്‍ട്ട് പറയാതെ പറയുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കങ്ങള്‍ കാര്യമായി നടക്കാതിരുന്നതാണ് അഞ്ചുസമിതികളും കണ്ടെത്തിയ മറ്റൊരു കാരണം.ഡി.സി.സി.യിലുംമറ്റും നൂറില്‍പ്പരം ഭാരവാഹികളുണ്ടെങ്കിലും പകുതി പേര്‍പോലും പ്രവര്‍ത്തനരംഗത്തുണ്ടായില്ല.


പാര്‍ട്ടിയുടെ അടിത്തട്ട് ദ്രവിച്ചിരിക്കയാണെന്നും താഴെത്തലത്തിലുള്ള സംഘടനാദൗര്‍ബല്യം പരിഹരിക്കണമെന്നുമാണ് സമിതികളുടെ ശുപാര്‍ശ. പാര്‍ട്ടിയെ എക്കാലത്തും പിന്തുണച്ചിരുന്ന ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളുടെ പിന്തുണയില്‍ വലിയ ചോര്‍ച്ചയുണ്ടായി. തിരുവനന്തപുരത്ത് നാടാര്‍ വിഭാഗത്തെ ഒ.ബി.സി.യില്‍ ഉള്‍പ്പെടുത്തിയത് നാലുമണ്ഡലങ്ങളിലെ ഫലത്തെ ബാധിച്ചു. കോണ്‍ഗ്രസ് തോറ്റ മിക്കമണ്ഡലത്തിലും മുതിര്‍ന്ന നേതാക്കളുടെ നിസ്സഹകരണം പ്രതിഫലിച്ചു. ഇതെല്ലാമാണ് അഞ്ചംഗ സമിതി കണ്ടെത്തിയ കാരണങ്ങള്‍ . ഈ കാരണങ്ങള്‍ എല്ലാം മനസിലാക്കി കൃത്യമായ മാറ്റങ്ങള്‍ വരുത്തി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചു വരാന്‍ കഴിയും. അതുകൊണ്ട് തന്നെ ഗ്രൂപ്പ് കളികളില്‍ ഒതുങ്ങി പോവാതെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് നിലനില്‍പ്പുള്ളൂ.

No comments