കോണ്‍ഗ്രസ് അട്ടിമറി നടന്നില്ല: ഗോവയില്‍ വിശ്വാസം നേടി ബി.ജെ.പി സര്‍ക്കാര്‍, ചുക്കാന്‍ പിടിച്ചത് അമിത് ഷാ
ഇന്നലെ പുലര്‍ച്ചെ അധികാരമേറ്റ ഗോവയിലെ പ്രമോദ് സാവന്ത് മന്ത്രിസഭ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 36 അംഗ നിയമസഭയില്‍ 20 അംഗങ്ങളുടെ പിന്തുണ നേടിയാണ് ബി.ജെ.പി സര്‍ക്കാര്‍ ആദ്യ കടമ്ബ പിന്നിട്ടത്. 21 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. പ്രോടെം സ്പീക്കര്‍ മൈക്കല്‍ ലോബോ വോട്ട് ചെയ്‌തില്ല. കോണ്‍ഗ്രസിന് 14 പേരുടെ പിന്തുണ ലഭിച്ചു. ചില അംഗങ്ങള്‍ ബി.ജെ.പിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. എന്‍.സി.പി അംഗങ്ങളുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചു.
അതേസമയം, മനോഹര്‍ പരീകര്‍ക്കു ശേഷം ഗോവയില്‍ ബി.ജെ.പി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത് 28 മണിക്കൂര്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു.
ആര്‍.എസ്.എസ് ബന്ധമുള്ള ഡോ. പ്രമോദ് സാവന്തിനെ നിയമസഭ കക്ഷി നേതാവായി ബി.ജെ.പി കണ്ടെത്തിയെങ്കിലും സഖ്യകക്ഷികളും സ്വതന്ത്രരും ആദ്യം അംഗീകരിച്ചിരുന്നില്ല. ഒടുവില്‍, ഒട്ടേറെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അമിത് ഷാ ഇടപെട്ട് രണ്ട് ഉപമുഖ്യമന്ത്രി പദം അംഗീകരിച്ചപ്പോഴേക്കും തിങ്കളാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. സഖ്യകക്ഷികളുടെ കത്തുമായി പ്രമോദ് സാവന്ത് രാജ്ഭവനില്‍ എത്തുന്നത് രാത്രി 12.30ഓടെ. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ പുലര്‍ച്ചെ 2.48ന് സത്യപ്രതിജ്ഞ ചെയ്തു. ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്ത് അര്‍ദ്ധരാത്രിക്കു ശേഷം ഒരു സര്‍ക്കാര്‍ അധികാരമേറ്റത്. മുഖ്യമന്ത്രിയായി സാവന്തും ഉപമുഖ്യമന്ത്രിമാരായി ധാവലിക്കറും സര്‍ദേശായിയും സത്യപ്രതിജ്ഞ ചെയ്തു.

No comments