യുപിയിൽ വാക് പോര് മുറുകുന്നു.. ഇത്തവണ കാലപ്പോര്
മഹാസഖ്യത്തിന്റെ റാലിയിലേക്ക് ഇരച്ചെത്തിയ കാളയെ ചൊല്ലി ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ വാക്പോര്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവുമാണ് വാക്പോരില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം എസ്പി-ബിഎസ്പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലേക്ക് ഒരു തെരുവു കാള ഓടിക്കയറിയിരുന്നു. ഇതില്‍ പ്രതിപക്ഷ സഖ്യത്തിനെതിരേ പരിഹാസം തൊടുത്ത് യോഗി രംഗത്തെത്തി. ക്രിമിനലുകള്‍ക്കു മാപ്പുനല്കാന് കാള പോലും തയാറല്ലെന്നായിരുന്നു യോഗിയുടെ ഒളിയന്പ്.
ഏതു കശാപ്പുകാരനാണ് അവിടെയുള്ളതെന്നാണ് കാള പരിശോധിച്ചതെന്നും ഷാജഹാന്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ യോഗി പറഞ്ഞു.
ഇതിനു പിന്നാലെ തിരിച്ചടിച്ച് അഖിലേഷ് രംഗത്തെത്തി. കാള പോലും അതിന്റെ പരാതി പറയാന്‍ എത്തിയെന്നായിരുന്നു അഖിലേഷിന്റെ വാക്കുകള്‍. ഹര്ദോയിയില്നിന്നുള്ള ഹെലികോപ്റ്റര്‍ (യോഗിയുടെ കോപ്റ്റര്‍) എത്തിയെന്നു കരുതിയാണ് കാള എത്തിയതെന്നും അഖിലേഷ് തിരിച്ചടിച്ചു. ഗഡ്ബന്ധന് റാലിയിലേക്ക് കാള എത്തിയതിന്റെ വീഡിയോയും അഖിലേഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

No comments