Breaking News

വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചുള്ള ആരോപണം,​ പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണഘടനാ വിരുദ്ധമെന്ന് അമിത് ഷാ

വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്ന പ്രതിപക്ഷ പാര്‍ട്ടികളെ വെല്ലുവിളിച്ച്‌ ചോദ്യങ്ങളുമായി ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. ട്വിറ്ററിലാണ് അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.


വോട്ടിംഗ് യന്ത്രങ്ങളുടെ കടുത്ത വിമര്‍ശകനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ‌്‌രിവാളിനോടാണ് അമിത് ഷായുടെ ആദ്യചോദ്യം.

കഴിഞ്ഞ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ് നേടി വന്‍ഭൂരിപക്ഷത്തില്‍ എ.എ.പി ഭരണത്തിലെത്തിയപ്പോള്‍ കെജ‌്‌രിവാള്‍ എന്തുകൊണ്ട് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ രംഗത്തെത്തിയില്ല എന്ന് അമിത് ഷാ ചോദിച്ചു.

വോട്ടിംഗ് യന്ത്രങ്ങളില്‍ ഹാക്കിംഗ് ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം ഇ.വി.എം ഹാക്ക് ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി ഏറ്റെടുക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. വിവിപാറ്റുകള്‍ കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കാനാണ്. വീണ്ടും വീണ്ടും വോട്ടിങ് മെഷീനിന്റെ സുതാര്യത ചോദ്യം ചെയ്യുന്നത് ശരിയായ നടപടിയല്ല. വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്ബ് വോട്ടെണ്ണല്‍ രീതിയില്‍ മാറ്റംവേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അമിത് ഷാ പറഞ്ഞു. എക്‌സിറ്റ്‌പോളുകള്‍ ബി.ജെ.പിക്ക് വിജയം പ്രവചിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തുന്നതെന്നും അമിത് ഷാ വിശദമാക്കി.

തങ്ങള്‍ക്ക് അനുകൂലമായ ഫലം ഉണ്ടായില്ലെങ്കില്‍ അക്രമം നടത്താന്‍ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള അക്രമങ്ങള്‍ ഇവിടെ ഉണ്ടാവാന്‍ അനുവദിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

No comments