Breaking News

കോണ്‍ഗ്രസിന്‍റെ ചടുല നീക്കം!! സര്‍ക്കാര്‍ ഉണ്ടാക്കും!! ബിജെപിയിലേക്ക് പോകുന്ന പാർട്ടികൾ കോൺഗ്രസിനൊപ്പം അണിനിരക്കും..

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ തകൃതിയാക്കി കോണ്‍ഗ്രസ്.
ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്ന കണക്ക് കൂട്ടലിലാണ് നീക്കങ്ങള്‍. കുറഞ്ഞത് 140 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ പ്രതിപക്ഷ വിശാല സഖ്യത്തെ കോണ്‍ഗ്രസാകും നയിക്കുക.
ഈ സാഹചര്യത്തില്‍ പരമാവധി പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

അറ്റകൈ പ്രയോഗമെന്ന നിലയില്‍ തെലങ്കാന മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവുവുമായും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായും കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങി.

ഏത് വിധേനയും ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനുള്ള അവസാനവട്ട നീക്കത്തിലാണ് പ്രതിപക്ഷം. ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി ബിജെപിയെ പുറത്താക്കാനാണ് കോണ്‍ഗ്രസ് നീക്കം.

ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന ആശങ്ക ബിജെപിയ്ക്കുമുണ്ട്. അതുകൊണ്ട് തന്നെ പരമാവധി പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടാനുള്ള ഒരുക്കത്തിലാണ് ബിജെപിയും. സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയാക്കാന്‍ ആര്‍​എസ്‌എസും സജീവമായി ഇടപെടല്‍ തുടങ്ങി കഴിഞ്ഞു.

ഭൂരിപക്ഷം നേടാനായില്ലേങ്കില്‍ എന്തുവിലകൊടുക്കും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയില്‍ എത്തിക്കാനാണ് ബിജെപിയുടെ നീക്കം. വഎസ്‌ആര്‍ സിപി, ടിആര്‍എസ്, ബിജെഡി എന്നീ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ ബിജെപി ദൂതന്‍മാരെ വിട്ടിട്ടുണ്ട്.

എന്നാല്‍ ബിജെപി തന്ത്രങ്ങളെ പൊളിച്ചടുക്കാന്‍ ഒരുപിടി നീട്ടിയെറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവുവുമായും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായും കോണ്‍ഗ്രസ് അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയതായി പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

അതേസമയം ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ഇരുപാര്‍ട്ടികളും തയ്യാറായിട്ടില്ല. എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡി അനുകൂല നിലപാട് സ്വീകരിച്ചേക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.
കോണ്‍ഗ്രസുമായി ജഗന്‍ വൈരാഗ്യം സൂക്ഷിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിനോട് ക്ഷമിക്കാന്‍ താന്‍ തയ്യാറാണെന്ന് ജഗന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ആന്ധ്രപ്രദേശ് വിഭജിച്ച യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ 2010-ലാണ് ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് തന്റെ കുടുംബത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചെന്നും അച്ഛനെ കൊലപ്പെടുത്തിയെന്നും ജഗന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ജഗന്‍റെ നിലപാട് മാറ്റം കോണ്‍ഗ്രസുമായി അടുക്കുന്നതിനുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

യുപിഎയ്ക്ക് 180-190 സീറ്റുകള്‍ വരെ ലഭിച്ചാല്‍ ജഗന്‍റെ നിലപാട് നിര്‍ണായകമാകും. എസ്പി, ബിഎസ്പി, തൃണമൂല്‍ ,ടിഡിപി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ കേവല ഭൂരിപക്ഷമായ 272 ന് അടുത്തെത്താമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

അതേസമയം ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ജഗന് കോണ്‍ഗ്രസ് നല്‍കേണ്ടി വരും. ജഗന്‍റെ മുഖ്യശത്രുവായ ടിഡിപി നേതാവും ആന്ധ്രാമുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും കോണ്‍ഗ്രസും തമ്മിലുള്ള അടുപ്പം ജഗന്‍ കോണ്‍ഗ്രസ് കൂട്ടുകെട്ടിന് വിലങ്ങ് തടിയാകുമോയെന്ന ആശങ്കകള്‍ ഉയരു്നനുണ്ടെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ഇല്ലെന്ന നായിഡുവിന്‍റെ നിലപാട് ഇത്തരം ആശങ്കകള്‍ ഇല്ലാതാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

ജഗന്‍ നിലപാട് കടുപ്പിച്ചാല്‍ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. അതേസമയം മൂന്നാം മുന്നണി നീക്കം സജീവമാക്കിയ ടിആര്‍എസ് നേതാവ് കെസിആറുമായും കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

എന്നാല്‍ രണ്ട് പാര്‍ട്ടികളും മനസ് തുറക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വരാന്‍ കാത്തിരിക്കാം എന്നാണ് ഇരുപാര്‍ട്ടികളുടേയും നിലപാട്.അതേസമയം ജഗനെ ഒപ്പം ചേര്‍ത്ത് കോണ്‍ഗ്രസുമായി വിലപേശാമെന്ന പ്രതീക്ഷയില്‍ ടിആര്‍എസും അണിയറയില്‍ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.

No comments